ചെങ്കുളം അണക്കെട്ടിൽ ബോട്ടിങ്ങിന് ഭീഷണിയായി മരക്കുറ്റികൾ
text_fieldsഅടിമാലി: ചെങ്കുളം അണക്കെട്ടിൽ ബോട്ടിങ്ങിന് ഭീഷണിയായി മരക്കുറ്റികൾ.ചെങ്കുളം പവർ ഹൗസിലേക്ക് പോകുന്ന പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ട് വറ്റിച്ചത്.ഡാമിന്റെ സ്ലൂയിസ് വാൽവ് അടക്കം തുറന്നതോടെ ഡാമിൽ അടിഞ്ഞുകൂടിയ ഭൂരിഭാഗം ചളിയും മണലും ഒഴുകിപ്പോയി. ഇപ്പോൾ നൂറുകണക്കിന് മരക്കുറ്റികൾ നിൽക്കുന്നത് കാണാം.
ഹൈഡൽ ടൂറിസത്തിന്റെ ബോട്ടിങ്ങുള്ള ഡാം ആയതിനാൽ ഡാമിൽ വീണ്ടും വെള്ളം നിറക്കുമ്പോൾ ബോട്ടിങ് പുനരാരംഭിക്കും. ഇതോടെ ഉയർന്നു വന്ന മരക്കുറ്റികൾ ബോട്ടിങ്ങിന് ഭീഷണിയാകും. നിലവിൽ വെള്ളം വറ്റിച്ച് നിർത്തിയ സാഹചര്യത്തിൽ ഉപയോഗ്യശൂന്യമായ മരക്കുറ്റികൾ വെട്ടിമാറ്റിയാൽ ഈ ഭീഷണി ഒഴിവാക്കാനാകും.
പൊന്മുടി ഡാമിൽ ബോട്ടിങ് തുടങ്ങിയപ്പോൾ മരക്കുറ്റികൾ ഭീഷണിയായിരുന്നു. ഇത് വെട്ടിമാറ്റുകയായിരുന്നു. ചെങ്കുളം പവർ ഹൗസ് പ്രവർത്തനം തുടങ്ങാൻ ഇനിയും താമസമുണ്ടെന്നിരിക്കെ മരക്കുറ്റികൾ തടസ്സങ്ങളില്ലാതെ വെട്ടിമാറ്റാൻ കഴിയും.
പുഴ ഇല്ലാത്ത ഡാം
ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ചെങ്കുളം ഡാം. രാജ്യത്തെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസലിൽനിന്ന് ഉൽപാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയിലാണ് പുഴ ഇല്ലാത്ത ആനച്ചാലിന് താഴ്ഭാഗത്ത് രണ്ട് മലകളെ ബന്ധിപ്പിച്ച് ഡാം നിർമിച്ചത്. ബ്രിട്ടീഷ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഡാമിൽ കൂറ്റൻ മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് എത്തിക്കുകയായിരുന്നു.
പള്ളിവാസൽ പവർ ഹൗസിനോട് ചേർന്നാണ് ഈ പമ്പ് ഹൗസ് പ്രവർത്തിക്കുന്നത്. ഇങ്ങനെ സംരക്ഷിക്കുന്ന വെള്ളം സർജ്കുന്ന് വരെ തുരങ്കത്തിലും പിന്നീട് പെൻസ്റ്റോക് പൈപ്പിലൂടെ ചെങ്കുളം പവർ ഹൗസിലും എത്തിച്ച് 47 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ലാവലിൻ കമ്പനി നവീകരിച്ച പവർ ഹൗസുകളിലൊന്നാണ് ചെങ്കുളം.
സൂക്ഷിച്ചില്ലെങ്കിൽ അപകടം
ചെങ്കുളം അണക്കെട്ടിലെ മരക്കുറ്റികൾ വെട്ടിമാറ്റിയില്ലെങ്കിൽ അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് മുൻ കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ. പൊന്മുടി അണക്കെട്ടിൽ ബോട്ടിങ് ആരംഭിച്ചപ്പോൾ നേരിട്ടതാണ് ഈ പ്രശ്നം. ചെങ്കുളം ഡാം വറ്റിപ്പോൾ ജലത്തിന്റെ സംഭരണശേഷി കൂടും. മരക്കുറ്റികൾ കൂടുതൽ ഉയരത്തിലാകും. ഇത് ബോട്ടിങ്ങിനെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.