വികസനം എത്തിനോക്കാതെ ആദിവാസി ഊരുകൾ
text_fieldsഅടിമാലി: ‘ആദിവാസികളായതാണോ, സർ ഞങ്ങളുടെ തെറ്റ്. വികസനമെന്നത് ഞങ്ങളുടെയും അവകാശമല്ലേ’ -റോഡ്, കുടിവെള്ളം, വൈദ്യുതി, ശൗചാലയം, വാർത്തവിനിമയ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തിനോക്കാത്ത മാങ്കുളം പഞ്ചായത്തിലെ കോഴിയള, പുതുക്കുടി ആദിവാസി കോളനി ഊരുമൂപ്പന്മാരായ ശശി വേലായുധനും സുരേഷും ചോദിക്കുന്നു.
നേരാംവണ്ണം സഞ്ചരിക്കാൻ ഒരു റോഡ്. അതാണ് കോളനിക്കാരുടെ പ്രധാന ആവശ്യം. മാങ്കുളത്തുനിന്ന് തുടങ്ങി പാമ്പുങ്കയം വഴി കോഴിയളയിലേക്ക് ഒരു റോഡുണ്ട്.പാറപ്പുറവും കുഴികൾ നിറഞ്ഞ കുത്തിറക്കവും കയറ്റവും നിറഞ്ഞ ഈ പാതയിലൂടെ കാൽനടയായി സഞ്ചരിക്കാൻ തന്നെ അസാമാന്യ മെയ്വഴക്കം വേണം.
വാഹനത്തിലാണെങ്കിൽ ശ്വാസം പിടിച്ച് ഇരിക്കേണ്ട അവസ്ഥയാണ്. ഓടിക്കുന്നയാളുടെ ചെറിയൊരു അശ്രദ്ധ, ജീവൻ അപകടത്തിലാക്കുമെന്ന തിരിച്ചറിവിൽ ഭൂരിഭാഗം പേരും വാഹന യാത്ര ഒഴിവാക്കുന്നു. പാമ്പുങ്കയത്തുനിന്ന് കോഴിയള വരെയുള്ള നാലു കിലോമീറ്റർ റോഡ് ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ആദിവാസികൾ കയറിയിറങ്ങാത്ത അധികാര കേന്ദ്രങ്ങളില്ല.
പുതുക്കുടിക്കാരുടെ മുഖ്യ അവശ്യവും റോഡാണ്. താളുംകണ്ടം സെറ്റിൽമെന്‍റിൽനിന്ന് തുടങ്ങുന്നതാണ് ഇവിടേക്കുള്ള വഴി. ഇതാണെങ്കിൽ തീർത്തും മോശമാണ്. 30 ലേറെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. ഇതിനാൽ മൂന്ന് ലിറ്റർ മണ്ണെണ്ണ റേഷൻ കാർഡിൽ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ അരലിറ്റർ മാത്രമാണ് ലഭിക്കുന്നത്.
വീടുകളിൽ ശൗചാലയങ്ങളുമില്ല. ഇത്തരം പദ്ധതികൾക്കായി സർക്കാർ കോടികൾ മുടക്കിയിട്ടും ഇവർക്ക് ഇതൊക്കെ അന്യമാണ്.ഗോത്രസാരഥി പദ്ധതിയെക്കെ നടക്കുന്നുണ്ടെങ്കിലും യാത്രാസൗകര്യങ്ങളുടെ അഭാവത്തിൽ പഠനം മുടങ്ങുന്ന കുട്ടികളും ഇവിടെയുണ്ട്. കുടിവെള്ളം മൂന്ന് കിലോമീറ്റർ അകലെ നിന്ന് ചുമന്ന് കൊണ്ടുവരണം. വാർത്തവിനിമയ സംവിധാനവും പലയിടത്തുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.