അടിസ്ഥാന സൗകര്യങ്ങളില്ലാതെതൂവല് ടൂറിസം സെന്റർ
text_fieldsനെടുങ്കണ്ടം: വശ്യസുന്ദര കാഴ്ചകൾ സമ്മാനിക്കുന്ന തൂവല്‍ ടൂറിസം സെന്ററിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സഞ്ചാരികൾക്ക് വിനയാകുന്നു. ജില്ലയിലെ പ്രധാന ജലപാതമാണ് തൂവല്‍ വെള്ളച്ചാട്ടം. നിരവധി വിദേശ, ആഭ്യന്തര ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല.
വഴുക്കന്‍ പാറയിലൂടെ തെന്നിത്തെറിച്ച് ജലകണങ്ങളാല്‍ ആവരണം തീര്‍ത്ത തൂവല്‍ അരുവി സഞ്ചാരികള്‍ക്ക് ഹരം പകരുന്നതാണ്. ദൂരെ കാഴ്ചയിൽപോലും ലഭ്യമാവുന്ന വെള്ളത്തിന്റെ തൂവെണ്മ നിറഞ്ഞ നിറവും എപ്പോഴും പ്രദേശത്ത് നിറഞ്ഞുനില്ക്കുന്ന തണുത്ത കാലാവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കും.
നെടുങ്കണ്ടം, കല്ലാര്‍, മഞ്ഞപ്പാറ, കാമാക്ഷിവിലാസം പ്രദേശങ്ങളിലെ തോടുകളില്‍നിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളം 200 അടി ഉയരത്തില്‍നിന്ന് പതിക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കും. ഒപ്പം സുഖശീതള പ്രകൃതിയും സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും. മൂന്നു തട്ടുകളിലായി ഒഴുകിവീഴുന്ന വെള്ളത്തിന്റെ മനോഹാരിത നുകരാനെത്തുന്ന സഞ്ചാരികള്‍ക്ക് വശ്യമായ അനൂഭൂതിയാണ് ഈ പാല്‍പുഴ സമ്മാനിക്കുന്നത്. തൂവൽ വെള്ളച്ചാട്ടത്തിന് മുകളിലെ നടപ്പാലം ഇരുകരയുമായി ബന്ധിപ്പിക്കാത്തതിനാല്‍ അപകടം പതിയിരിക്കുന്നു. വേനല്‍ കടുത്തതോടെ അരുവിയിലൂടെയുള്ള നീരൊഴുക്ക് കുറഞ്ഞെങ്കിലും മേഖലയിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തായി നിർമിച്ച നടപ്പാലം ഇരു കരയിലുമായി ബന്ധിപ്പിച്ചിട്ടില്ല. പാലത്തില്‍നിന്ന് നടപ്പാതയിലേക്ക് കയറുന്ന ഭാഗത്തും തെന്നിവീണ് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. മുമ്പ്, സഞ്ചാരികള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. ഇതോടൊപ്പം പാലത്തിലെ കേഡറുകള്ക്കിടയിലൂടെ താഴേക്ക് വീഴാനും സാധ്യത ഏറെയാണ്.
മേഖലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക്, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യങ്ങള്‍ ഇല്ല. പ്രദേശവാസിയായ ബാബു സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ ബ്ലോക്ക് പഞ്ചായത്ത് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. അവധി ദിവസങ്ങളില്‍ നിരവധി സഞ്ചാരികള്‍ എത്തുന്ന തൂവലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.