തോക്കുമായി വനത്തിൽ പോയ അഞ്ചംഗ സംഘത്തിലെ രണ്ടുപേർക്ക് വെടിയേറ്റു
text_fieldsതൊടുപുഴ: നാടൻ തോക്കുമായി വനത്തിൽ പോയ അഞ്ചംഗ സംഘത്തിലെ രണ്ടുപേർക്ക് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു. ഉടുമ്പന്നൂർ മലയിഞ്ചി വെണ്ണിയാനി സ്വദേശികളായ തടിവെണ്ണിയാനി വീട്ടിൽ ടി.കെ. മനോജ് (30), പാച്ചുപതിക്കൽ സി.ബി. മുകേഷ് (32) എന്നിവർക്കാണ് പരിക്ക്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ച നാേലാടെ മലയിഞ്ചി വനത്തിലാണ് സംഭവം.
സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘം നാലുദിവസം മുമ്പാണ് കാട്ടിലേക്ക് പോയത്. വെടിവെച്ച് മീൻ പിടിക്കുകയായിരുന്നു ലക്ഷ്യമെന്ന് പറയുന്നു. മടങ്ങും വഴി തോക്കുമായി നടന്നയാൾ തെന്നിവീഴുകയും അബദ്ധത്തിൽ വെടി പൊട്ടുകയും ചെയ്തു എന്നാണ് പരിക്കേറ്റ മനോജും മുകേഷും പൊലീസിനോട് പറഞ്ഞത്. മറ്റ് മൂന്നുപേർ ചേർന്ന് പരിക്കേറ്റവരെ ആദ്യം മലയിഞ്ചിയിലും തുടർന്ന് ജീപ്പിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നൽകിയശേഷം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. തിരയുടെ ചീള് തെറിച്ച് ഇരുവർക്കും കഴുത്തിനും വയറിനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
സംഘത്തിലെ മറ്റംഗങ്ങളായ വെണ്ണിയാനി തൈപ്ലാത്തോട്ടത്തിൽ അനി (30), കുരുവിപ്ലാക്കൽ മധു (40), വാദ്യങ്കാവിൽ രതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. തോക്കും പിടിച്ചെടുത്തു. ഇവരെ കരിമണ്ണൂർ ഇൻസ്പെക്ടർ ഷിജി, എസ്.ഐ ഷംസുദ്ദീൻ, സി.പി.ഒ അനിൽ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിന് അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ ഇടക്കിടെ വനത്തിൽ പോകാറുണ്ടെന്നും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് മടങ്ങിയെത്തുന്നതെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം. നായാട്ടിനാണോ കാടുകയറിയതെന്നും വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. സംഘാംഗങ്ങൾ തമ്മിെല വഴക്കിനിടെ വെടിയുതിർത്തതാണോ എന്നും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.