ഉപ്പുതറ മേമ്മാരികുടി ആദിവാസി ഊരിന് കൃഷി വകുപ്പ് പുരസ്കാരം
text_fieldsകട്ടപ്പന: മികച്ച ആദിവാസി ഊരിനുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ പുരസ്കാരം ഉപ്പുതറ മേമ്മാരികുടി ആദിവാസി ഊരിന്. രണ്ട് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്ന് പുറംലോകത്തുനിന്ന് ഒറ്റപെട്ടുകിടക്കുന്ന മേമ്മാരി ആദിവാസി കുടിയിലെ കർഷകരാണ് അവാർഡിന് അർഹരായിരിക്കുന്നത്. ഉപ്പുതറ കൃഷി ഭവനാണ് മേമ്മാരി ആദിവാസികുടിയെ സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ആദിവാസി ഊരിനുള്ള പുരസ്കാരത്തിന് ശിപാർശ ചെയ്തതെന്ന് കൃഷി ഓഫീസർ ധന്യ ജോൺസൻ പറഞ്ഞു.
ആദിവാസി ഊരാളി വിഭാഗത്തിൽപ്പെട്ട 106 കുടുംബങ്ങൾ അധിവസിക്കുന്ന മേമ്മാരികുടിയിൽ കൃഷിയാണ് എല്ലാവരുടെയും വരുമാനമാർഗം. രണ്ട് ഏക്കർ മുതൽ 10 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരുടെ പ്രധാന കൃഷി കാപ്പി, ഏലം, കുരുമുളക്, വാനില തുടങ്ങിയവയാണ്. സമ്മിശ്രിത കൃഷിയാണ് മിക്കവരും ചെയ്യുന്നത്. മരച്ചീനി, വാഴ, പച്ചക്കറി, നെല്ല്, ഇഞ്ചി, ചേന, ചേമ്പ്, തുടങ്ങിയ കൃഷികളും ഉണ്ട്. വനമേഖലയോട് ചേർന്നുകിടക്കുന്നതിനാൽ 47 ഹെക്ടറോളം കാപ്പി കൃഷിയുണ്ട്. പാവയ്ക്ക, പടവലം, ബീൻസ്, കാരറ്റ്, മുളക്, വെണ്ട, തുടങ്ങി എല്ലായിനങ്ങളും കൃഷി ചെയ്തുവരുന്നുണ്ടെന്ന് കുടിയിലെ മുപ്പൻ ഷാജി പറഞ്ഞു.
ഉപ്പുതറ കൃഷി ഭവന്റെ മികച്ച കർഷകക്കുള്ള പുരസ്കാരം കുടിയിലെ കർഷകയായ റിന്റുവിന് മുമ്പ് ലഭിച്ചിട്ടുണ്ട്. ജൈവ കൃഷി രീതിയാണ് പ്രധാനമായും തുടരുന്നത്. ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിന് സ്വന്തമായി വിപണന കേന്ദ്രവും കുടിയിലുണ്ട്. കുടിയിൽ ഇനിയും വൈദുതി എത്താത്ത കുടുംബങ്ങൾ ഉണ്ട്. കുടിയിലെ കുട്ടികൾ ആറു കിലോമീറ്റർ നടന്ന് കണ്ണമ്പടി ട്രൈബൽ സ്കൂളിൽ എത്തിയാണ് വിദ്യ അഭ്യസിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് 22 കിലോമീറ്റർ അകലെ ഉപ്പുതറയിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.