രാത്രി മുഴുവൻ വൈദ്യുതി മുടങ്ങി വണ്ണപ്പുറം; കെ.എസ്.ഇ.ബി അനാസ്ഥയെന്ന് ഉപഭോക്താക്കൾ
text_fieldsവണ്ണപ്പുറം: മേഖലയിൽ ഞായറാഴ്ച വൈകീട്ട് 5.30ന് നിലച്ച വൈദ്യുതി തിങ്കളാഴ്ച രാവിലെ 7.30നാണ് ഭാഗീകമായി പുനസ്ഥാപിച്ചത്. ഉടുമ്പന്നൂർ സബ് സ്റ്റേഷനിലെ വിതരണലൈൻ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. എന്നാൽ കെ.എസ്.ഇ.ബിയുടെ വൈരാഗ്യപൂർണ നിലപാടാണ് ഒരു രാത്രി മുഴുവൻ വണ്ണപ്പുറം ഇരുട്ടിലാകാൻ കാരണമെന്ന് ഉപഭോക്താക്കൾ പറയുന്നു.
മുമ്പ് ഇത്തരം സാഹചര്യത്തിൽ തൊടുപുഴ ഫീഡറിൽ നിന്നോ കോതമംഗലം ഫീഡറിൽ നിന്നോ വൈദ്യുതി എത്തിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ഞായറാഴ്ച അതിനുള്ള ശ്രമം അധികൃതർ നടത്തിയില്ല. അതോടെ വണ്ണപ്പുറം പൂർണമായും ഇരുട്ടിലായി. വൈദ്യുതി അനന്തമായി മുടങ്ങിയത് പെട്രോൾ പമ്പുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചു.
വണ്ണപ്പുറം മേഖലയിൽ വൈദ്യുതി മുടക്കം പതിവായതിനെ തുടർന്ന് ഉപഭോക്താക്കളും മർച്ചന്റ്സ് അസോസിയേഷനും ഭീമ ഹരജി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
വൈദ്യുതി തകരാർ പറയാൻ സെക്ഷൻ ഓഫിസിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും വ്യാപക പരാതിയുണ്ട്. എടുത്താൽ തന്നെ മര്യാദക്കു മറുപടിപറയാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം പകൽ മുഴുവൻ ടൗണിൽ വൈദ്യുതി ഇല്ലായിരുന്നു.
മിക്ക ദിവസങ്ങളിലും രാവിലെ ടച്ച് വെട്ട്, ലൈൻ തകരാർ എന്നൊക്കെ പറഞ്ഞ് പതിവായി വൈദ്യുതി മുടങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇത് മൂലം വ്യാപാരികളും സംരംഭകരും നാട്ടുകാരും ആകെ ബുദ്ധിമുട്ടിലാണ്. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കെ.എസ്. ഇ ബി.ഓഫിസിന് മുമ്പിൽ ധർണ നടത്തിയിരുന്നു. കൂടാതെ കഴിഞ്ഞയാഴ്ച രാത്രിയിൽ വൈദ്യുതി മുടങ്ങിയതോടെ നാട്ടുകാർ ചേർന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ ടൗണിൽ തടഞ്ഞിരുന്നു. പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷവേലിയില്ല; അപകടം കൈയെത്തും ദൂെര
അടിമാലി: അടിമാലി ടെലിഫോൺ എക്ചേഞ്ചിന് പിറക് വശത്തുള്ള റോഡിന്റെ സൈഡിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമർ നാട്ടുകാർക്ക് ഭീഷണിയാകുന്നു. കൊച്ചുകുട്ടികളുടെ വരെ കൈയെത്തുന്ന ട്രാൻസ്ഫോമർ ഏത് നിമിഷവും അപകടത്തിന് കാരണമാകുമെന്നാണ് ആശങ്ക.
ഈ സാഹചര്യത്തിൽ പാതയോരത്തെ വൈദ്യുതി ട്രാൻസ്ഫോമറിനു കമ്പിവേലി സഥാപിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പ്രധാന റോഡിന് സമീപത്താണ് ട്രാൻസ്ഫോമറുള്ളത്. ധാരാളം വീടുകളും യാത്രക്കാരുള്ള മേഖലയാണ് ഇവിടം. അതുപോലെ പത്താംമൈൽ ടൗണിൽ ഉള്ള ട്രാൻസ്ഫോമറിനും സുരക്ഷ വേലിയില്ല. ഗവ.
വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് നൂറ് കണക്കിന് വിദ്യാർഥികളും മറ്റും എത്തുന്ന പ്രധാന സ്ഥലമാണ്. നാട്ടുകാർ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, വൈദ്യുതി ബോർഡ് ഇത് കേട്ടതായി പോലും നടിക്കുന്നില്ല. പലപ്പോഴും തീ പിടിക്കുന്ന ഈ ട്രാൻസ്ഫോഫോമറിൽ നിന്നും വലിയ ശബ്ദം കേൾക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.