തമിഴ്നാട്ടിലെ പച്ചക്കറി വ്യാപാരികൾക്ക് ഓണക്കാലം കൊയ്ത്തായി
text_fieldsഇടുക്കി: ഓണക്കാലം ഉഷാറാക്കി തമിഴ്നാട്ടിലെ പച്ചക്കറി വ്യാപാരത്തെ. ഇക്കുറി ഒട്ടൻഛത്രം ചന്തയിൽനിന്ന് ദിവസേന 3000 ടൺ പച്ചക്കറിയാണ് കേരളത്തിലേക്ക് കയറ്റി അയച്ചത്. ഓണക്കാലത്ത് കേരളത്തിൽനിന്നുള്ള വ്യാപാരികൾ സജീവമായതോടെ പച്ചക്കറിക്ക് വില കൂടുകയും ചെയ്തു. ഇതിന് പുറമെ മധുര, തേനി, കമ്പം തുടങ്ങി വിവിധ ജില്ലകളിൽനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നും ടൺ കണക്കിന് പച്ചക്കറികൾ വിൽപനക്ക് വരുന്നുണ്ട്.
സംസ്ഥാനത്തെ കനത്തമഴയും ഉൽപാദനക്കുറവുംമൂലം തമിഴ്നാട് പച്ചക്കറിക്ക് ഇത്തവണ ആവശ്യക്കാർ ഏറി. ഇതോടെ വില ഗണ്യമായി കൂടിയതായി തമിഴ്നാട്ടിലെ കച്ചവടക്കാർ പറയുന്നു. കാന്തല്ലൂർ മേഖലയിൽനിന്ന് ഓണവിപണി ലക്ഷ്യമിട്ട് ഇത്തവണ കർഷകന് ന്യായവില നൽകിയാണ് ഹോർട്ടികോർപ് വഴി സർക്കാർ പച്ചക്കറികൾ സംഭരിച്ചത്. മുഴുവൻ സംഭരിക്കാൻ ഹോർട്ടികോർപ് നടപടിയെടുക്കാത്തത് കർഷകരെ പ്രയാസത്തിലാക്കിയിരുന്നു.
തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും കൂടുതൽ വാഴയിലയും എത്തിയത്. വാഴയില ഒന്നിന് എട്ടു മുതൽ 10 രൂപവരെ വാങ്ങിയാണ് ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം വിറ്റത്. ശക്തമായ കാറ്റിലും മഴയിലും വാഴ കൃഷി നശിച്ചത് ജില്ലയിലെ കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ടാണ് ഇത്തവണ തമിഴ്നാട്ടിലേക്ക് വാഴയില തേടിപ്പോകേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.