കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വാഹനം പൊളിക്കൽ: ഹൈറേഞ്ചിലെ 'ചങ്ക് ജീപ്പു'കൾക്ക് മരണമണിയാകുമോ..
text_fieldsപീരുമേട്: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വാഹനം പൊളിക്കൽ നയം ആശങ്കയിലാക്കിയത് ഹൈറേഞ്ചിലെ ജീപ്പ് ഉടമകളെ. നിരത്തിലുള്ള വാഹനങ്ങൾക്കാണോ അതോ പുതിയ വാഹനങ്ങൾക്കാണോ നയം ബാധകമാകുക എന്നതിൽ വ്യക്തത വന്നിട്ടില്ല. മലിനീകരണം കുറക്കാനായി 20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിർബന്ധമായും പൊളിക്കണമെന്ന് ഉത്തരവിറങ്ങിയാൽ ഹൈറേഞ്ചുകാർ 'ചങ്കായി' കൊണ്ടുനടക്കുന്ന മിക്കവാറും ജീപ്പുകൾ പൊളിക്കേണ്ട സാഹചര്യം ഉണ്ടാവും. ഹൈറേഞ്ചിലെ കുന്നും മലയും ഓടിക്കയറുന്ന ജീപ്പുകൾ പലതും 40 വർഷംവരെ പഴക്കമുള്ളവയാണ്. കൃത്യമായി അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് പുതുക്കുന്ന ഇത്തരം ജീപ്പുകളാണ് പല മലയോര പ്രദേശങ്ങളുടെയും ആശ്രയം. സാധനങ്ങൾ കൊണ്ടുപോകുന്നതും യാത്രക്കാരുമായി പ്രധാന ടൗണുകളിലേക്ക് ട്രിപ്പടിക്കുന്നതും ഇത്തരം ജീപ്പുകളിലാണ്.
വിദൂര ഉൾനാടൻ മേഖലകളിൽ ടാർ റോഡില്ലാത്ത സ്ഥലങ്ങളിൽ ഫ്രണ്ട് ആക്സിൽ ഉള്ള ജീപ്പുകളാണ് പ്രധാന യാത്രാമാർഗം. യാത്രക്കാരെ കൊണ്ടുപോകുന്നതിനും കാർഷിക വിളകൾ വിപണിയിൽ എത്തിക്കാനും വളം ഉൾെപ്പടെ കൃഷിസ്ഥലങളിൽ എത്തിക്കാനും ജീപ്പുകളാണ് ഉപയോഗിക്കുന്നത്. 35 വർഷത്തിലധികം പഴക്കമുള്ള ജീപ്പ് പാമ്പനാർ ഉൾപ്പെടെ സ്ഥലങ്ങളിൽ ഓടുന്നു. 1970 മോഡൽ ജീപ്പുകളും ഇവിടെ നിരവധിയുണ്ട്. ജീപ്പുകളുടെ മാത്രം അറ്റകുറ്റപ്പണി നടത്തുന്ന നിരവധി വർക് ഷോപ്പുകളും പ്രവർത്തിക്കുന്നു. വർക് ഷോപ്പുകളിലെ ആശാെൻറയും ശിഷ്യൻമാരുടെയും തൊഴിലുകളും നഷ്ടപ്പെടും. 15 മുതൽ 20 വർഷം വരെ ജീപ്പുകൾക്ക് കാലപ്പഴക്കമുണ്ടെങ്കിലും വൻതുക മുടക്കിയാണ് ഇതിെൻറ അറ്റകുറ്റപ്പണി തീർത്ത് ഉടമകൾ കൊണ്ടുനടക്കുന്നത്. കുരുമുളക് കൃഷിയുടെ പ്രതാപകാലത്താണ് പല കർഷകരും ജീപ്പുകൾ സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് വാങ്ങിയ ഈ ജീപ്പുകളാണ് കർഷകർ ഇപ്പോഴും യാത്രക്കും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ടാറിങ് വരുന്നതിന് മുമ്പുതന്നെ ഏത് കാലവസ്ഥയിലും ഇടുക്കിക്കാർക്കുവേണ്ടി മലകയറിയ കരുത്താണ് ജീപ്പിനെ പ്രിയ വാഹനമാക്കിയത്.
കുടിയേറ്റക്കാലത്ത് അതിജീവനത്തിന് താങ്ങായിനിന്ന ജീപ്പ് വിനോദസഞ്ചാര മേഖലയുടെയും ഭാഗമാണിപ്പോൾ. പരുക്കൻ റോഡുകളിലൂടെ ജീപ്പിൽ സാഹസികയാത്ര നടത്താൻ സ്വദേശികളും വിദേശികളുമായ ഓട്ടേറെപ്പേരാണ് എത്തുന്നത്. സമാന്തര സർവിസ് നടത്തി ഉപജീവനം നടത്തുന്ന നിരവധി ഡ്രൈവർമാരും ഹൈറേഞ്ചിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.