തൊഴിലാളികളെ കുത്തിനിറച്ച് വാഹനങ്ങൾ; പൊലീസ് നടപടി തുടങ്ങി
text_fieldsകുമളി: അതിർത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങൾ അപകടം സൃഷ്ടിക്കുന്നത് പതിവായതോടെ രണ്ടു ദിവസമായി വാഹന പരിശോധനയുമായി പൊലീസ്. തൊഴിലാളികളെ കുത്തിനിറച്ച് മരണപ്പാച്ചിൽ നടത്തിയ വാഹനം കഴിഞ്ഞ ദിവസം കുമളിയിൽ മറിഞ്ഞതിനെ തുടർന്നാണ് പൊലീസ് നടപടി. തമിഴ്നാട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെ അതിർത്തി കടന്നെത്തിയ വാഹനങ്ങൾ കുമളി എസ്.ഐ അജയ്ഘോഷിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. ഇതിൽ മതിയായ രേഖകൾ ഇല്ലാത്ത 18 വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഇതിൽ എട്ടെണ്ണത്തിന് പിഴ ചുമത്തി. ബുധനാഴ്ച ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായിപ്പോയ വാഹനം തലകീഴായി മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽപെട്ട, രേഖകളില്ലാത്ത വാഹനം കുമളി പൊലീസ് സ്റ്റേഷന് മുന്നിലൂടെ പലതവണ ആളുകളെ കുത്തിനിറച്ച് കടന്നു പോയത് ആക്ഷേപത്തിന് ഇടയാക്കി.
ഓരോ ദിവസവും നൂറിലധികം വാഹനങ്ങളാണ് തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് കുമളിയിലെയും പരിസരത്തെയും തോട്ടങ്ങളിലേക്ക് പോകുന്നത്. ഒരു മാസത്തിനിടെ അഞ്ചോളം അപകടമാണ് ഉണ്ടായത്.
സ്കൂള്‍ സമയത്തുപോലും അമിത വേഗത്തിലുള്ള ഇവരുടെ ഓട്ടം പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
പരിശോധന നടന്ന ദിവസം പൊലീസിന്റെ കണ്ണുവെട്ടിച്ച് ചെക്ക്പോസ്റ്റിന് മുമ്പായി യാത്രക്കാരെ ഇറക്കിയശേഷം ചെക്ക് പോസ്റ്റ് കടന്ന് അതേ വാഹനത്തിൽ യാത്രക്കാരെ കുത്തിനിറച്ച് യാത്ര തുടർന്നതും കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.