വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടം
text_fieldsമൂലമറ്റം: വെള്ളിയാഴ്ച ഉച്ചമുതൽ ശനിയാഴ്ച പുലർച്ചവരെ ചെയ്ത കനത്ത മഴയിൽ വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. കർഷകരുടെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. നിരവധി വീടുകൾക്ക് ഭാഗികമായും അറക്കുളം കരിപ്പലങ്ങാട് മൂന്ന് വീട് പൂർണമായും തകർന്നു. പാടത്തിൽ രാജപ്പൻ, കക്കാട്ട് കല്യാണി, ആൾ താമസം ഇല്ലാതെ കിടന്ന മത്തച്ചൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. മരം വീണും മണ്ണിടിഞ്ഞും ആറ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു.
വെള്ളിയാമറ്റം പഞ്ചായത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പൂച്ചപ്രദേവര് പാറക്ക് സമീപം കുളപ്രത്തും കുരുതിക്കുളം-പൂച്ചപ്ര റൂട്ടിലുമാണ് ഉരുൾ പൊട്ടിയത്. കുളപ്രത്ത് ഉരുൾപൊട്ടലിൽ കുടുങ്ങിയ കുടുംബത്തെ വെള്ളിയാഴ്ച രാത്രി സഹസികമായാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ പനവെട്ടി ഉരുൾപൊട്ടിയുണ്ടായ തോടിനു കുറുകെ ഇട്ടാണ് ഒറ്റപ്പെട്ട കോഴിക്കാട്ട് നാരായണന്റെ കുടുംബത്തെ രക്ഷപ്പെടുത്തിയത്. ഈ സമയത്ത് വീട്ടിൽ ഇയാളുടെ ഭാര്യ ജഗദമ്മ, മകൻ സുനിൽ ഇയാളുടെ ഭാര്യ ജ്യോതി, ഇവരുടെ മകൻ സിദ്ധാർഥ് എന്നിവരാണ് ഉണ്ടായിരുന്നത്.
കുരുതിക്കുളത്തിനും പൂച്ചപ്രക്കും ഇടയിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഉരുൾ പൊട്ടി റോഡിന്റെ ഇരുവശവും ഇടിഞ്ഞു. കുരുതിക്കുളം-പൂച്ചപ്ര റോഡിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും മണ്ണിടിഞ്ഞ് പാലം ഒടിഞ്ഞുവീണു. തടിയനാൽ -നാളിയാനി റോഡ് ഇടിഞ്ഞു. ഇതിന് താഴ് ഭാഗത്തുള്ള വെള്ളാൻകാപ്പി തോട്ടത്തിൽ, രാജമ്മ ഇല്ലിക്കാട്ടിൽ എന്നിവരുടെ വീടുകൾക്ക് അപകട ഭീഷണിയുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തിലെ ലത്തീൻ പള്ളിറോഡിലുള്ള പാലത്തിനു സമീപം ചെരിപ്പുറം കോളനിയിൽ അരിക് ഇടിഞ്ഞതിനെ തുടർന്ന് വീടുകൾ അപകടത്തിലാണ്. കോഴിപ്പിള്ളിയിലെ കമ്യൂണിറ്റി ഹാളിന് മുകളിലേക്ക് മണ്ണിടിഞ്ഞു. ഇവിടെയാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. കോഴിപ്പള്ളി-കുളമാവ് റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച മണ്ണുമാന്തി യന്ത്രം എത്തി തടസ്സം നീക്കി. പന്നിമറ്റത്ത് വടക്കാനറിന് കുറുകെയുണ്ടായിരുന്ന നടപ്പാലം ഒടിഞ്ഞു.
ഇപ്പോൾ ഇതിനോട് ചേർന്നുള്ള ചപ്പാത്ത് വഴിയാണ് വാഹനങ്ങളും ആളുകളും പോകുന്നത്. വടക്കാനറിൽ വെള്ളം ഉയർന്നതോടെ ചപ്പാത്തും മുങ്ങി. മുമ്പ് ചപ്പാത്തിൽ വെള്ളം കയറുമ്പോൾ മറുകര കടക്കാൻ നടപ്പാലം ഉപയോഗിച്ചിരുന്നു. ഇത് തകർന്നതോടെ ചപ്പാത്ത് മുങ്ങുമ്പോൾ ആളുകൾ ഇരുകരയിലും കുടുങ്ങും. പിന്നീട് ചപ്പാത്തിലെ വെള്ളം ഇറങ്ങാൻ കാത്തുനിൽക്കണം മറുകരയെത്താൻ. ഇവിടെ പാലം പണിയണം എന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.