കോവിഡിനൊപ്പം വൈറല്‍ പനിയും ചിക്കന്‍ പോക്സും
text_fieldsതൊടുപുഴ: പകല്‍ കനത്ത ചൂടും രാത്രി തണുപ്പുമുള്ള കാലാവസ്ഥയായതോടെ ജില്ലയില്‍ വൈറല്‍ പനിയടക്കമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു. ഈ മാസം ഇതുവരെ 1800 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 40 പേര് ഐ.പി വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി ലക്ഷണങ്ങളോടെ പത്തോളം പേര് ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താല്‍ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരും. കഴിഞ്ഞ മാസം 2328 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. നവംബറിലും 1600 പേര് പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. കോവിഡ് ഭീതിയില്‍ പനി ബാധിക്കുന്നവരെല്ലാം ആശുപത്രിയിലെത്തുന്നതാണ് എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ പനി ബാധിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്. ലക്ഷണങ്ങളുള്ളവരെ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്. ഇതിനു പുറമെ ചൂടു കൂടിയതോടെ ജില്ലയിലെ പല ഭാഗത്തും ചിക്കന്‍ പോക്സും പടര്‍ന്നു പിടിക്കുന്നുണ്ട്. പനിക്കൊപ്പം ദേഹത്ത് വെള്ളം നിറഞ്ഞ കുമിളകള്‍ പോലെയുള്ള തടിപ്പുകള്‍ കണ്ടാല്‍ ഡോക്ടറെ കാണണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.
ഈ മാസം പത്തോളം പേര് ചിക്കന്‍പോക്സ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെയും പച്ചമരുന്ന് ഉപയോഗിച്ചുള്ള സ്വയം ചികിത്സ തേടിയവരുടെയും എണ്ണം ഇതിനുപുറമെ വരും. ചൂടിെൻറ തീവ്രത കൂടിയതോടെയാണ് ചിക്കന്‍പോക്സ് ഇത്രയും ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.