മുല്ലപ്പെരിയാറിൽ നിന്നും 2018ൽ ഒഴുക്കിയത് 2.40 ടി.എം.സി ജലം
text_fieldsകുമളി: കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ 2018ൽ മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കിയത് 2.40 ടി.എം.സി ജലം. കനത്ത മഴയെത്തുടർന്ന് 2018 ആഗസ്റ്റ് 15ന് അർധരാത്രിയാണ് ജലനിരപ്പ് 142 അടിക്കും മുകളിലേക്ക് ഉയർന്നത്.
ഇതോടെ, കോടതി വിധി ലംഘനത്തിൽ അകപ്പെടുമെന്ന പരിഭ്രാന്തിയിൽ തമിഴ്നാട് അധികൃതർ കേരളത്തിന് കാര്യമായ മുന്നൊരുക്കമൊന്നും നടത്താൻ സമയം നൽകാതെ അണക്കെട്ടിലെ ജലം ഇടുക്കിയിലേക്ക് തുറന്നു വിടുകയായിരുന്നു.
സെക്കൻഡിൽ 29,878 ഘന അടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയപ്പോൾ തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2100 ഘന അടി ജലം മാത്രമാണ് തുറന്നുവിടാനായത്. ശേഷിച്ച ജലത്തിൽ 21,350 ഘന അടി ജലം ഇടുക്കിയിലേക്ക് ഒഴുക്കി. മഴ ശക്തമായതോടെ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നു വിടാൻ കേരളം നിരന്തരം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ജലനിരപ്പ് 142ന് മുകളിലേക്ക് ഉയർന്നതോടെ സ്പിൽവേയിലെ 13 ഷട്ടറിൽ 12 എണ്ണം അഞ്ച് അടിയും ഒരു ഷട്ടർ ഒരു അടിയും ഉയർത്തി.
മുന്നറിയിപ്പില്ലാതെ ഒഴുകിവന്ന ജലം വലിയ ദുരിതമാണ് സൃഷ്ടിച്ചത്. വള്ളക്കടവ് മുതൽ ഉപ്പുതറ വരെയുള്ള നിരവധി കുടുംബങ്ങൾ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായി. ജലനിരപ്പ് 140ലേക്ക് താഴ്ന്നതോടെ ആഗസ്റ്റ് 20നാണ് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് താഴ്ത്തിയത്. മുമ്പ് ജലനിരപ്പ് 136ൽ നിജപ്പെടുത്തിയിരുന്ന ഘട്ടത്തിൽ 2015 ഡിസംബർ ഏഴിനും 20നും സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഇടുക്കിയിലേക്ക് ജലം ഒഴുക്കിയിരുന്നു. അന്ന് 1400 ഘന അടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.