അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; കുണ്ടള ഡാം ഇന്ന് തുറക്കും
text_fieldsതൊടുപുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2372.32 അടിയിലെത്തി. ആകെ സംഭരണ ശേഷിയുടെ 66.26 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേസമയം 2371.52 അടിയായിരുന്നു. നിലവിൽ 2375.53 അടിയാണ് ബ്ലൂ അലർട്ട് ലെവൽ.
ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുല്ലപ്പെരിയാറിൽ 134.25 അടിയാണ് ജലനിരപ്പ്. ഇപ്പോഴത്തെ റൂൾലെവൽ അനുസരിച്ച് 137.5 അടിയെത്തുമ്പോൾ അണക്കെട്ട് തുറക്കണം. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയിൽ തിങ്കളാഴ്ച 50.8 മില്ലിമീറ്ററും പെരിയാറിൽ ഒരു മില്ലിമീറ്ററും മഴ ലഭിച്ചു.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ താരതമ്യേന ചെറിയ അണക്കെട്ടുകളും തുറക്കാൻ തുടങ്ങി. മലങ്കര അണക്കെട്ടിലെ ആകെയുള്ള ആറ് ഷട്ടറും തുറന്ന് ജലമൊഴുക്കുന്നുണ്ട്. കല്ലാർകുട്ടി, പാംബ്ല, പൊന്മുടി അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. കുണ്ടള ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് രാവിലെ 10 മുതൽ കുണ്ടള അണക്കെട്ടിലെ അഞ്ച് ഷട്ടർ 50 സെന്റീമീറ്റർ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്സുവരെ കുണ്ടളയാറുവഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചത്. കുണ്ടള ജലസംഭരണിയുടെ ജലബഹിർഗമന പാതയിൽ ഉള്ളവർ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു. മഴ തുടർന്നാൽ കൂടുതൽ ഡാമുകൾ തുറന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.