മത്സരിക്കുന്നില്ലാേട്ടാ; ഞങ്ങൾ തിരക്കിലാണ്
text_fieldsതൊടുപുഴ: െതരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെക്കാൾ തിരക്കിലാണ് ഒരു കൂട്ടർ. പാർട്ടി പ്രവർത്തകരോ നേതാക്കളോ ഒന്നുമല്ല ഒരു പറ്റം തൊഴിലാളികളാണ്. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ കാണാക്കയങ്ങളിലേക്ക് തള്ളപ്പെട്ട ഇവർ ഏറെ നാളുകൾക്ക് ശേഷമാണ് സ്വന്തം തൊഴിലിടങ്ങളിലെ ജോലിത്തിരക്കുകളിലേക്ക് കടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അൽപം ആശ്വാസം പകർന്നിരുന്നെങ്കിൽ തൊട്ടുപിന്നാലെയെത്തിയ നിയമസഭ തെരഞ്ഞെടുപ്പ് ഉയർത്തെഴുന്നേൽപിെൻറ നാളുകളാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ശബ്ദവും വെളിച്ചവും റെഡി
പ്രചാരണം ചൂടുപിടിച്ചതോടെ ലൈറ്റ് ആന്ഡ് സൗണ്ട് ഉപകരണങ്ങൾ പൊടിതട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. കോവിഡിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ചിലരൊക്കെ ഈ മേഖല വിട്ടു. ചിലരൊക്കെ കടയടച്ചിട്ട് മറ്റ് ഉപജീവനമാർഗം തേടിപ്പോയി. എന്നാൽ, കോവിഡ് ഇളവുകളും തെരെഞ്ഞടുപ്പും മുന്നിൽക്കണ്ട് ഇവർ വീണ്ടും ജീവിതം തിരിച്ചുപിടിക്കാനിറങ്ങുകയാണ്. പൊതുപരിപാടികളിലും ഉത്സവനഗരകളിലും മുഴങ്ങിക്കേട്ടിരുന്ന ശബ്ദവും വെളിച്ചവും കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് നിലച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കടക്കുള്ളിൽ പൂട്ടിവെച്ചത്.
മാസങ്ങളോളം വെറുതെ ഇരുന്നതോടെ പല ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എലി ഉൾപ്പെടെയുള്ള ജീവികൾ നശിപ്പിച്ചത് വേറെയും. ജില്ലയിൽ 600ഓളം ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പുകളുണ്ട്. 3000ത്തോളം തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നു. ഇവർ തൊഴിലില്ലാതെ ദുരിതം പേറുന്നതിനിടയാണ് തെരഞ്ഞെടുപ്പ് എത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് ദിവസം മുന്നേ മാത്രമാണ് ഉച്ചഭാഷിണി ലഭിച്ചത്. ഇതുമൂലം പ്രതീക്ഷിച്ച ഉണർവ് മേഖലയിൽ ലഭിച്ചില്ലെന്നാണ് തൊഴിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ, ഇത്തവണ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥാനാർഥികളും കടകളിലെത്തി ബുക്കിങ് നൽകുന്നുണ്ട്. തൊഴിൽ പ്രതിസന്ധി നേരിട്ട മേഖലക്ക് ഈ തെരഞ്ഞെടുപ്പ് ആശ്വാസമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ശിവകാശിയിൽനിന്ന് വരും പോസ്റ്ററുകൾ
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ സ്ഥാനമുണ്ട് പോസ്റ്ററുകൾക്ക്. പ്രചാരണത്തിെൻറ തുടക്കത്തിൽ പ്രവർത്തകർക്ക് ഏറെ ആവേശം പകരുന്ന പ്രചാരണ രീതികളിലൊന്നാണ് പോസ്റ്റർ ഒട്ടിക്കൽ.
സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിലെ ചുവരുകളിലെല്ലാം വൈവിധ്യമാർന്ന പോസ്റ്ററുകളാണ് നിരക്കുന്നത്. എന്നാൽ, അത്ര ചെറിയ കാര്യമല്ല പോസ്റ്ററിനു പിന്നിലെ കഥ. പേപ്പറിനു വില കൂടിയതോടെ ഇത്തവണ പോസ്റ്ററുകൾക്കു ചെലവേറുന്ന സാഹചര്യമാണ്.
തമിഴ്നാട്ടിലെ ശിവകാശിയിലാണ് ഇവ പ്രിൻറ് ചെയ്യുന്നത്. കഴിഞ്ഞ തവണ േപപ്പറിന് 65 രൂപയായിരുന്നത് ഇപ്പോൾ 95 ആയി ഉയർന്നു. സാധാരണ പോസ്റ്ററുകൾക്ക് ഒന്നിന് നാലു രൂപയും വലിയതിന് 5.50 രൂപയും വിലയായി. ഒരു മണ്ഡലത്തിലേക്ക് 30,000 മുതൽ 50,000വരെ പോസ്റ്ററുകൾ ഒരു സ്ഥാനാർഥിക്കുവേണ്ടി വരും.
കൂടുതൽ പേരും തമിഴ്നാടിെനയാണ് ആശ്രയിക്കുന്നതെങ്കിലും താമസം നേരിടുന്നതിനാൽ നാട്ടിലെ പ്രിൻറിങ് പ്രസുകളിലും തിരക്കേറി തുടങ്ങിയിട്ടുണ്ട്. പല പ്രിൻറിങ് പ്രസുകളും 24 മണിക്കൂറും തിരക്കിലായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ പോസ്റ്ററുകൾ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഈ പോസ്റ്ററുകൾ ചുവരിലൊട്ടിക്കാൻ കഴിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം. പ്രത്യേകം ഡിസൈനർമാരെ ഉപയോഗിച്ച് സ്റ്റുഡിയോകളിലാണ് തയാറാക്കുന്നത്. വ്യത്യസ്തത നിറഞ്ഞ ഇത്തരം പോസ്റ്ററുകളും ഇപ്പോൾ ട്രൻഡാണ്.
കട്ടൗട്ട് മുതൽ നെറ്റിപ്പട്ടംവരെ സെറ്റാണ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനും സ്ഥാനാർഥിയുടെ പര്യടനത്തിനും വരെ ആവശ്യമായ സാധനങ്ങൾ ഒരുക്കി നൽകുന്നവരുണ്ട്. ബാനർ, ഹോർഡിങ്, കട്ടൗട്ട് തുടങ്ങി മുത്തുക്കുട, നെറ്റിപ്പട്ടം മുതൽ പന്തൽവരെ സജ്ജരാക്കുന്ന ഒരുകൂട്ടരാണിവർ. സാധാരണ കട്ടൗട്ടിന് 550 മുതൽ 500 രൂപവരെ ഈടാക്കുന്നുണ്ട്.
എന്നാൽ, ഇത്തവണ ജില്ലയിലെ കട്ടൗട്ട് നിർമാതാക്കൾ നിരാശയിലാണ്. പുറത്ത് നിന്നുള്ളവരുടെ കടന്നുകയറ്റം മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത തരത്തിലേക്കായെന്ന് ജില്ലയിലെ കട്ടൗട്ട് നിർമാതാക്കൾ പറയുന്നു. എറണാകുളത്ത് നിന്നുള്ളവർ വളരെ കുറഞ്ഞ നിരക്കിൽ ജോലി കൈയടക്കുന്നതും മേഖലയിൽ കടുത്ത മത്സരമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇവരെ കൂടാതെ പന്തൽ, കസേരയടക്കമുള്ള സാധനങ്ങളും വാടകക്ക് നൽകുന്നവർക്കും തെരഞ്ഞെടുപ്പ് ഒരു ആശ്വാസകാലമാണ്. വാർഡുതല യോഗങ്ങൾ മുതൽ മണ്ഡലം കൺവെൻഷനുകൾ വരെ സജീവമായതോെട ഇവരും തങ്ങളുടെ സാധന സാമഗ്രികൾ തുടച്ചുമിനുക്കുകയാണ്.
പാട്ടൊന്നിന് 5,000 മുതൽ
റെക്കോഡിങ് സ്റ്റുഡിയോകളും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ തിരക്കിലാണ്. പാരഡി ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി നൽകുന്ന ജോലിയിലാണിവർ. എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എക്ക് തുടങ്ങി രാഷ്ട്രീയ ഭേദമന്യേ ആവശ്യപ്പെടുന്നവർക്കൊക്കെ പാട്ടെഴുതി നൽകാൻ ഇവർ തയാറാണ്.
പാട്ട് അടിപെളിയാകണം എന്ന് പറഞ്ഞാകും നേതാക്കൾ സ്റ്റുഡിയോയിലേക്ക് വിളിക്കുക. പാട്ട് തെരഞ്ഞെടുക്കുന്നതടക്കമുള്ള എല്ലാ ജോലികളും പിന്നെ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഉടുമ്പന്നൂരിലെ സ്റ്റുഡിയോ ഉടമയായ മധു പറയുന്നു.
പാട്ടൊന്നിന് 5,000വരെ വാങ്ങുന്നവരുണ്ട്. പ്രഫഷനൽ ഗായകരെക്കൊണ്ട് തന്നെയാണ് പാടിക്കുന്നത്. ജില്ലയിലെ സ്ഥാനാർഥികൾക്കായും പുറത്ത് നിന്നുള്ളവർക്കായും പാട്ടുകൾ എഴുതുന്നുണ്ട്. പഴയകാല ഗാനങ്ങൾ മുതൽ ന്യൂജൻ പാട്ടുകൾവരെ പാരഡി ഗാനങ്ങളുടെ പട്ടികയിലുണ്ട്. ഒന്നും രണ്ടും ദിവസങ്ങൾ എടുത്താണ് ഒരു പാട്ട് രൂപപ്പെടുത്തുന്നതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.