എന്തൊരു ചൂട്; തൊടുപുഴ മേഖലയിൽ 38 ഡിഗ്രി, ഹൈറേഞ്ച് മേഖലയിൽ 33 ഡിഗ്രി
text_fieldsതൊടുപുഴ: പൊള്ളുന്ന ചൂടിൽ ഉരുകുകയാണ് ജില്ല. പുറത്തിറങ്ങിയാൽ കണ്ണുകാണാത്ത സ്ഥിതി. വീട്ടിൽ ഇരുന്നാലും അസഹ്യമായ ചൂട്. രാത്രിയാകുന്നതോടെ ശരീരം പുഴുങ്ങിയെടുക്കുന്ന അവസ്ഥയാണ്. ഫാനിട്ട് പോലും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം. ഏതാനും ദിവസങ്ങളായി തൊടുപുഴയിലും ലോറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതാണ് സ്ഥിതി. ഹൈറേഞ്ചിലും പകൽച്ചൂടിന് കാഠിന്യം കൂടി വരികയാണ്.
ചൂട് അസഹനീയമായ നിലയിലായതോടെ പകൽ ജനത്തിന് പുറത്തിറങ്ങാൻ പോലുമാവുന്നില്ല. തൊടുപുഴ മേഖലയിൽ 38 ഡിഗ്രിയും ഹൈറേഞ്ച് മേഖലയിൽ 33 ഡിഗ്രിയുമായിരുന്നു വ്യാഴാഴ്ച പകൽ താപനില. ചൂടു കൂടിയതോടെ പുറം ജോലി ചെയ്യുന്ന കൽപ്പണിക്കാർ, കെട്ടിട നിർമാണത്തൊഴിലാളികൾ, പാടത്തും പറമ്പിലും ജോലി ചെയ്യുന്നവർ എല്ലാം വലിയ ബുദ്ധിമുട്ടിലാണ്. പകൽ കൽനടയായും ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരും കൊടും ചൂടിൽ വലയുകയാണ്.
ഇതിനു പുറമെയാണ് ചൂടും പൊടിയുമെല്ലാമായി വിട്ടുമാറാത്ത ജലദോഷം, കഫകെട്ട്, ശ്വാസംമുട്ടൽ തുടങ്ങിയ അലർജി രോഗങ്ങൾ പിടിപെട്ട് ദുരിതം പേറുന്നത്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന പ്രദേശങ്ങളിൽ ഇതിനോടകം തന്നെ ശുദ്ധജല ക്ഷാമവും രൂക്ഷമായിട്ടുണ്ട്. ജലസ്രോതസുകൾ പലതും വറ്റിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണു ജനം. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന മുന്നറിയിപ്പിനെ ആശങ്കയോടെയാണ് ജനം നോക്കിക്കാണുന്നത്.
ചൂട് അതിെൻറ ഏറ്റവും രൂക്ഷമായ സാഹചര്യത്തിലാണെന്ന് ആളുകൾ പറയുന്നു.ഈ സ്ഥിതി തുടർന്നാണ് വൈകാതെ ജില്ലയുടെ പല പ്രദേശങ്ങളും വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തുണ്ട്. ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തുടർച്ചയായി വെയിലത്ത് നിന്ന് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അധികം വെയിലുകൊള്ളാതെ ശ്രദ്ധിക്കണം.
മാത്രമല്ല അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം.പഴവർഗങ്ങൾ ധാരാളം കഴിക്കണം. ചൂടുകൂടിയതിനാൽ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ധാരാളം വെള്ളം കുടിയ്ക്കണം. കരിക്ക്, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയെല്ലാം ക്ഷീണം കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.