കാറ്റിലും മഴയിലും വ്യാപക നാശം
text_fieldsകാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ പ്രദേശം കലക്ടർ ഷീബ ജോർജ് സന്ദർശിക്കുന്നു
മൂലമറ്റം: കൂവപ്പള്ളി, ചക്കിക്കാവ് മേഖലയിലുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ മരങ്ങൾ കടപുഴകുകയും മണ്ണൊലിച്ച് പാറക്കൂട്ടം നിരങ്ങിനീങ്ങുകയും ചെയ്തു.
മരം വീണ് കൂവപ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് മരങ്ങൾ വെട്ടിനീക്കി രാത്രിയോടെ തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു. മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. ചക്കിക്കാവ് റൂട്ടിൽ പുത്തൻപുരയിൽ ഐസക് സാമുവലിന്റെ പുരയിടത്തിലെ മരങ്ങളാണ് കടപുഴകിയത്. റോഡിന്റെ മുകൾഭാഗത്തുനിന്ന് ഉരുണ്ടുവന്ന വലിയ പാറ റോഡരികിലെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
പാറ വന്നു നിൽക്കുന്ന റോഡിന്റെ താഴ്ഭാഗത്തെ വീട്ടിൽനിന്ന് ആളുകളെ അടുത്ത വീട്ടിലേക്ക് മാറ്റി. റോഡിനു മുകളിലായി വലിയ പാറക്കൂട്ടങ്ങൾ വേറെയും തങ്ങിനിൽക്കുന്നുണ്ട്. കൂടയത്തൂർ വില്ലേജിലെ കൂവപ്പള്ളി-ചക്കിക്കാവ് റൂട്ടിൽ പുന്നത്താനത്ത് വളവിൽ പാറക്കൂട്ടങ്ങൾ അപകടാവസ്ഥയിൽ ഇരിക്കുന്ന സ്ഥലം കലക്ടർ ഷീബ ജോർജ് സന്ദർശിച്ചു.
അപകടാവസ്ഥയിൽ നിൽക്കുന്ന പാറ പൊട്ടിച്ചുമാറ്റാൻ നിർദേശം നൽകി. തൊടുപുഴ തഹസിൽദാർ അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ.എൻ. ബിജു തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.