കന്നുകാലികളിൽ വ്യാപക വയറിളക്കം; പൂപ്പൽ വിഷബാധക്കെതിരെ മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്
text_fieldsഇടുക്കി: ജില്ലയില്‍ പലയിടത്തും കന്നുകാലികളില്‍ പ്രത്യേകിച്ച് പശുക്കളില്‍ വ്യാപകമായി വയറിളക്കം കാണപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ജില്ല മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. പാലുല്പാദനത്തിലെ ഗണ്യമായ കുറവ്, രക്തം കലര്‍ന്നതോ അല്ലാത്തതോ ആയ വയറിളക്കം, തീറ്റയെടുക്കാന്‍ മടി, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ചില ഫാമുകളില്‍ മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയില്‍ കമ്പംപൊടിയിലെ പൂപ്പല്‍ വിഷമാണ് പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ അനുസരിച്ചുള്ള മരുന്നുകള്‍ നല്‍കുന്നതും പൂപ്പല്‍ വിഷം സംശയിക്കുന്ന തീറ്റകള്‍ ഒഴിവാക്കുന്നതുമാണ് പ്രധാന ചികിത്സ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതത് പഞ്ചായത്ത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വിദഗ്ധചികിത്സ ഉറപ്പാക്കേണ്ടതാണ്. പൂപ്പല്‍ബാധ ഉണ്ടെന്ന് സംശയിക്കുന്ന തീറ്റകള്‍ നന്നായി വെയിലത്ത് ഉണക്കി ജലാംശം പൂര്‍ണമായും ഒഴിവാക്കിയ ശേഷം തീറ്റയായി നല്‍കുന്നത് ഒരുപരിധിവരെ വിഷബാധയെ തടയും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് പൂപ്പല്‍ വിഷബാധയെ ഒഴിവാക്കാന്‍ സഹായിക്കുന്നത്. തീറ്റകള്‍ സൂക്ഷിക്കുന്നതിന് വായു കടക്കാത്ത അടച്ചുറപ്പുള്ള പാത്രങ്ങളോ വീപ്പകളോ ഉപയോഗിക്കേണ്ടതാണ്.
കൂടാതെ പൈനാപ്പിള്‍ ഇലകള്‍, പുല്ല് മുതലായവയിലെ നനവും പലപ്പോഴും വയറിളക്കത്തിന് കാരണമാകുന്നു. അതിനാല്‍ നനവുള്ള പുല്ലുകളും മറ്റ് തീറ്റകളും വെയിലത്ത് വച്ച് ഈർപ്പം കളഞ്ഞ ശേഷം മാത്രം പശുക്കള്‍ക്ക് തീറ്റയായി നൽകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.