ആന, പുലി, കരടി... ഭീതിമുനയിൽ കർഷകർ
text_fieldsകാട്ടാനയിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചു
പീരുമേട്: ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം. ഞായറാഴ്ച്ച രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ട്രഷറി ഓഫീസിന് സമീപം, കച്ചേരിക്കുന്ന് എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലിറങ്ങിയ ആന വൻ നാശമാണ് സൃഷ്ടിച്ചത്. ഏലം, വാഴ എന്നിവ പിഴുതും ചവിട്ടിയും നശിപ്പിച്ചു. ഇടക്കയ്യാലകളും ചവിട്ടി ഇടിച്ചു. പുലർച്ചെ എത്തിയ ആന വൈകീട്ടാണ് മടങ്ങിയത്. വെള്ളിയാഴ്ച്ച ടൗണിൽ പുലിയിറങ്ങിയിരുന്നു. ശനിയാഴ്ച കരടിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് പരിസരവാസികൾ ഭീതിയിൽ കഴിയുമ്പോഴാണ് ആനയിറങ്ങി വിതച്ചത്.
വന്യമൃഗങ്ങളുടെ സാന്നിധ്യവും ക്യഷി നശിപ്പിക്കുന്നതും കർഷകരെ ദുരിതത്തിലാക്കുകയാണ്. പുലിയും കരടിയും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിനാൽ കൃഷിയിടങ്ങളിലെ പണികളും മുടങ്ങുകയാണ്. വിജനമായ ഏലത്തോട്ടങ്ങളിൽ ഇറങ്ങി പണി ചെയ്യാൻ ആളുകൾ ഭയപ്പെടുകയാണ്. കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ തിങ്കളാഴ്ച ഐ.എച്ച്.ആർ.ഡി സ്കൂളിന് സമീപവും കണ്ടിരുന്നു. സർക്കാർ അഥിതി മന്ദിരത്തിന് സമീപത്തെ യൂക്കാലി പ്ലാന്റേഷനിൽ അഞ്ചു ദിവസമായി തമ്പടിച്ചിരിക്കുകയാണ് ആന.
ഏലപ്പാറയിൽ പുലിയിറങ്ങി ആടുകളെ ആക്രമിച്ചു
പീരുമേട്: ഏലപ്പാറ ഹെലിബറിയ പുതുവയലിൽ ഞായറാഴ്ച്ച രാത്രി പുലിയിറങ്ങി ആടുകളെ ആക്രമിച്ചു. കാട്ടുവിളയിൽ ഫിലിപ്പോസിന്റെ ആടുകളെയാണ് പുലി ആക്രമിച്ചത്. ഇവരുടെ വീട്ടിലെ സി.സി.ടി.വി കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വനം വകുപ്പ് അധികൃതർ പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ ഹെലിബറിയാ വള്ളക്കടവ് പാലത്തിന് സമീപത്ത് വെച്ച് ഓട്ടോ ഡ്രൈവർ ബിജുവാണ് ആദ്യം പുലിയെ കണ്ടത്. ഓട്ടോ സ്റ്റാർട്ട് ചെയ്തപ്പോൾ പുലി സമീപത്തെ തേയിലക്കാട്ടിലേക്ക് ഓടിമറഞ്ഞു.
രാത്രി 11 മണിയോടെയാണ് സമീപത്തെ കാട്ടുവിളയിൽ ഫിലിപ്പോസിന്റെ വീട്ടിലെ ആടുകളെ പിടികൂടിയത്. മൃഗങ്ങൾ കരയുന്ന ശബ്ദം കേട്ട് ഫിലിപ്പോസിന്റെ അച്ഛനും അമ്മയും വീടിന് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ വീടിന്റെ മുൻവശത്ത് കൂടി പുലി തൊട്ടടുത്ത പറമ്പിലേക്ക് കയറി പോകുന്നത്. മുറിഞ്ഞപുഴ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി, പരിശോധന നടത്തി പുലിയാണെന്ന് ഇവരും സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പും ഇവിടെ പുലി എത്തിയിരുന്നു. അന്ന് തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ കൊന്നു. പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.