വന്യമൃഗങ്ങൾ വീട് നശിപ്പിച്ചു; അദാലത്തിൽ സരസമ്മക്ക് അടച്ചുറപ്പുള്ള വീടിന് അനുമതി
text_fieldsനെടുങ്കണ്ടം: പൂപ്പാറ സ്വദേശി തൊഴുത്തിങ്കൽ സരസമ്മ വീട് വന്യമൃഗങ്ങൾ നശിപ്പിച്ചെന്ന പരാതിയുമായാണ് അദാലത്തിൽ എത്തിയത്. വന്യമൃഗങ്ങൾ വീടും കൃഷിയും നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി. വാനരസംഘം അടച്ചുറപ്പില്ലാത്ത വീട്ടിൽ കയറുകയും ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും നശിപ്പിക്കുന്നത് പതിവാണ്. അടച്ചുറപ്പുള്ള വീട് വേണമെന്ന ആവശ്യവുമായാണ് മന്ത്രി വി.എൻ. വാസവന്റെ മുന്നിലെത്തിയത്. പരാതി പരിഗണിച്ച് മുൻഗണന വിഭാഗത്തിൽ അനുമതി നൽകാൻ മന്ത്രി പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി.
ശാന്തൻപാറ, പൂപ്പാറ, ആനയിറങ്കൽ മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും അതേക്കുറിച്ച് കവിതയും സരസമ്മ എഴുതിയിട്ടുണ്ട്. തന്റെ കവിത ചൊല്ലിയപ്പോൾ അദാലത്തിനെത്തിയവർ ഒന്നടങ്കം കൈയടിച്ചു. ‘ആന ചിന്നം വിളിച്ചു; ജനങ്ങൾ ഭയന്നലറിക്കരഞ്ഞു, ആനയെ ഭയന്നിട്ട് ജനങ്ങൾക്കിന്ന് ഉറക്കമില്ലാണ്ടായി...’എന്നു തുടങ്ങുന്ന വരികൾ വന്യമൃഗങ്ങളിൽനിന്ന് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലൂടെ മുന്നോട്ടുപോകുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഏകമകൻ 17 വയസ്സുകാരനായ രാഹുലിനൊപ്പമാണ് സരസമ്മ താമസിക്കുന്നത്. മുൻഗണന വിഭാഗത്തിൽ വീടനുവദിച്ച് നൽകിയതിലുള്ള സന്തോഷം സരസമ്മയും മകൻ രാഹുലും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.