കാട്ടുപന്നി ശല്യം: ഇടുക്കി താലൂക്ക് സഭയിൽ പ്രതിഷേധം
text_fieldsചെറുതോണി: കാട്ടുപന്നി ശല്യത്തിനെതിരെയും റോഡിലേക്ക് വളർന്നു നിൽക്കുന്ന കാട്ടുചെടികൾ വെട്ടാത്തതിനെതിരെയും ഇടുക്കി താലൂക്ക് സഭയിൽ രോഷമുയർന്നു. വഞ്ചിക്കവലയിലെ കെ.എസ്.ഇ.ബിയുടെ ഉപയോഗിക്കാത്ത ക്വാർട്ടേഴ്സുകൾ സ്ഥിതിചെയ്യുന്ന കോളനിയിൽ കാട്ടുപന്നികൾ പ്രസവിച്ച് കൂട്ടമായി കഴിയുകയാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇവ രാത്രിയും പകലും കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നു.
ചെറുതോണി, വാഴത്തോപ്പ്, ഇടുക്കി, നാരകക്കാനം, മരിയാപുരം, കരിമ്പൻ തുടങ്ങിയ പ്രദേശങ്ങളിൽ കൂട്ടമായി കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിച്ചിട്ടും പഞ്ചായത്തോ വനം വകുപ്പോ നടപടിയെടുക്കുന്നില്ലെന്ന് വികസന സമിതി അഗങ്ങൾ ആരോപിച്ചു. പന്നിപ്പനി വ്യാപിച്ചതോടെ പഞ്ചായത്തിലെ പന്നിഫാമുകളിൽ വളർത്തുന്ന പന്നികൾക്ക് രോഗം ബാധിച്ച് ചാകുന്നുണ്ട്. ഇവിടെയും ഫലപ്രദമായ പ്രതിരോധ നടപടിയെടുക്കുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു.
വിദ്യാധിരാജ സ്കൂളിന് സമീപവും ഇടുക്കിയിലും കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വിദ്യാധിരാജ സ്കൂളിനു സമീപം കണ്ടെത്തിയ പന്നിയെ മാത്രം പോസ്റ്റ്മോർട്ടം നടത്തി മറവുചെയ്തു. ഇടുക്കി മേഖലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തടയാൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അംഗങ്ങൾ മുന്നറിയിപ്പു നല്‍കി.
അടിമാലി- കുമളി റോഡിലും തൊടുപുഴ- പുളിയന്മല റോഡരികിലും കാട്ടുചെടികൾ വളര്‍ന്നുനില്‍ക്കുന്നതിനാൽ ഡ്രൈവര്‍മാര്‍ക്ക് വാഹനമോടിക്കാൻ ബുദ്ധിമുട്ടാണെന്ന് പരാതി ഉയർന്നു. ചെറുതോണി ആലിന്‍ചുവട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കാൻ യോഗം തീരുമാനിച്ചു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു.തഹസിൽദാർ ജയേഷ് ചെറിയാൻ, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ജോസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ താലൂക്ക് സഭയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.