കാട്ടാന ശല്യം; റേഷന്‍ കടകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കും
text_fieldsഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ പന്നിയാര്‍, ആനയിറങ്കല്‍ മേഖലകളില്‍ റേഷന്‍ വിതരണം ഉറപ്പാക്കാൻ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തി. കലക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു അടിയന്തര യോഗം.
13 തവണ കാട്ടാന തകര്‍ത്ത പന്നിയാര്‍ എച്ച്.എം.എല്‍ എസ്റ്റേറ്റിലെ റേഷന്‍കടയിലെ ഭക്ഷ്യവസ്തുക്കള്‍ എസ്റ്റേറ്റ് അധികൃതര്‍ നല്കിയ പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയില്‍ സൂക്ഷിച്ച് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിതരണം ചെയ്യും.
ആളുകള്‍ക്ക് റേഷന്‍ വാങ്ങാന്‍ വരാനാവാത്ത സാഹചര്യമുണ്ടായാല്‍ സന്നദ്ധപ്രവര്‍ത്തകർ വഴി അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും. പന്നിയാര്‍ റേഷന്‍കടയുടെ പരിസരത്തെ വൈദ്യുതി വേലി നിര്‍മാണം പൂര്‍ത്തിയായതായി വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ ഷാന്‍ട്രി ടോം അറിയിച്ചു. നിലവിലെ ദുര്‍ബലമായ റേഷന്‍കട കെട്ടിടത്തിന് പകരം എസ്റ്റേറ്റ് അധികൃതര്‍ രണ്ട് മാസത്തിനകം 300 ചതുരശ്ര അടി കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചു നല്‍കും.
ആന പതിവായി തകര്‍ക്കുന്ന ആനയിറങ്കലിലെ റേഷന്‍ കട കെട്ടിടത്തിന് പകരവും എസ്റ്റേറ്റ് അധികൃതര്‍ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കും. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ചിട്ടുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ച് വന്യജീവി ശല്യം രൂക്ഷമായ ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
ഏതൊക്കെയിടങ്ങളിലാണ് സ്ഥാപിക്കേണ്ടതെന്ന് വനം വകുപ്പും പഞ്ചായത്തും ചേര്‍ന്ന് തീരുമാനിക്കും. നിലവില്‍ ആനയിറങ്കല്‍, പന്നിയാര്‍ റേഷന്‍കട പരിസരം അടക്കം 10 സ്ഥലങ്ങളുടെ പട്ടിക വനംവകുപ്പ് തയാറാക്കിയിട്ടുണ്ട്. പ്രദേശത്ത് ആനശല്യം രൂക്ഷമായ 21.7 കി.മീറ്റര്‍ ഭാഗത്ത് സൗരോർജ തൂക്കുവേലി ഉടന്‍ സ്ഥാപിക്കും. സിങ്കുകണ്ടം ചെമ്പകത്താഴുക്കുടി, 80 എക്കര്‍ കോളനി, പന്തടിക്കളം, തിഡിര്‍ നഗര്‍, ബി.എല്‍ റാം, കോഴിപ്പെന്നക്കുടി എന്നിവിടങ്ങളിലാണ് വേലി സ്ഥാപിക്കുക. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വിതരണത്തിലെ കാലതാമസം ഒഴിവാക്കും.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, സ്ഥിരം സമിതി ചെയര്മാന്മാരായ പി.ടി. മുരുകന്, മനു റെജി, ജില്ല സപ്ലൈ ഓഫിസര്‍ കെ.പി. അനില്‍കുമാര്‍, ദേവികുളം റേഞ്ച് ഓഫിസര്‍ വിജി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.