മറയൂരിൽ ഭീതി വിതച്ച് വീണ്ടും കാട്ടാനക്കൂട്ടം; കൃഷി നശിപ്പിച്ചു
text_fieldsഇടുക്കി: മറയൂരിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം. കുട്ടിയാനയടക്കം മൂന്ന് ആനകളാണ് ജനവാസമേഖലയിൽ രണ്ട് ദിവസമായി തമ്പടിച്ചിരിക്കുന്നത്. കീഴാന്തൂർ എൽ.പി സ്കൂളിന് സമീപത്തും നിർമാണത്തിലിരിക്കുന്ന റിസോർട്ടിന്റെ പരിസരത്തും കാട്ടാനകളെത്തി. പ്രദേശത്തെ കാർഷിക വിളകളും നശിപ്പിച്ചു. രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം പുലർച്ച കാടുകയറി. സൗരോർജ വേലി തകർത്താണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം പഞ്ചായത്തും വനം വകുപ്പും ചേർന്ന് നടത്തിയിരുന്നു. അഞ്ച് ആനകളെ കാടുകയറ്റിയെന്ന് പറയുമ്പോഴും തുടർച്ചയായി കാട്ടാനകൾ ജനവാസ മേഖലയിലെത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
അതിനിടെ രാത്രിയിൽ കൃഷിവിളകൾ നശിപ്പിച്ച ശേഷം റിസോർട്ട് നിർമാണത്തിലിരിക്കുന്ന സ്ഥലത്തെത്തിയ കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകൾ മണിക്കൂറുകൾ ചെലവഴിച്ച ശേഷം ഗേറ്റ് പൊളിച്ചാണ് പുറത്തിറങ്ങിയത്. കോമ്പൗണ്ടിന് ചുറ്റും സൗരോർജ വേലിയുണ്ട്. ഇതൊക്കെ ചവിട്ടിപ്പൊളിച്ചാണ് ഇവ അകത്തുകയറിയത്. കാർഷിക മേഖലയിലാണ് കാട്ടാനകൾ തമ്പടിക്കുന്നത്. കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വല്ലപ്പോഴും എത്തിനോക്കും.
എന്നാൽ, കാട്ടാനകളെ തുത്താനുള്ള ഒരു മാർഗവും അധികൃതർ സ്വീകരിക്കുന്നില്ലെന്നും കർഷകർ പറയുന്നു. കാന്തല്ലൂർ മേഖലയിൽ ശീതകാല പച്ചക്കറി വിളകളിൽ 50 ശതമാനത്തിലേറെയും ഇപ്പോൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.