ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു
text_fieldsതൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ്സ് പ്രായമുള്ള പിടിയാന ചരിഞ്ഞത്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
വന്യ മൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടിയാണ് കാട്ടാന ചരിഞ്ഞത്. വേലിയിൽഅമിത അളവിൽ വൈദ്യുതി കടത്തിവിട്ടതാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ സമീപവാസികളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചതായി ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. ശ്രീകുമാർ പറഞ്ഞു.
ആനയുടെ ജഡം വനം വകുപ്പ് വെറ്ററിനറി സർജൻെറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും. ചരിഞ്ഞ പിടിയാനയോടൊപ്പം രണ്ട് വയസുള്ള കുട്ടിയാന ഉൾപ്പെടെ 6 ആനകൾ കൂടി പ്രദേശത്ത് എത്തിയിരുന്നു. ഇവ 301 കോളനിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മൂന്ന് കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.