കാട്ടാന ശല്യം: പ്രശ്ന പരിഹാരം വേണം -ജില്ല വികസന സമിതി
text_fieldsഇടുക്കി: പന്നിയാര്‍ എസ്റ്റേറ്റിന് സമീപം കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്നും അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും വികസന സമിതി യോഗം.
കുളമാവ് ഡാമിന് സമീപം കെ.എസ്.ഇ.ബി സ്ഥാപിച്ചിരിക്കുന്ന വേലി പൊതുമരാമത്ത് റോഡില്‍നിന്നും മൂന്നു മീറ്റര്‍ മാറിയാണോ സ്ഥാപിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള റോഡിന് സ്ഥലം വിട്ടുകിട്ടുന്നത് സംബന്ധിച്ച നടപടി ത്വരിതഗതിയിലാക്കണം.
കുരുവിളാസിറ്റി, എസ്റ്റേറ്റ് പൂപ്പാറ എന്നിവിടങ്ങിലെ വാട്ടര്‍ കണക്ഷന് റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ ചാര്‍ജ്) ഉഷാകുമാരി മോഹന്‍കുമാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ എല്ലാ വകുപ്പുകളും അടിയന്തരമായി പൂർത്തിയാക്കി ചെലവ് വിവരങ്ങള്‍ പ്ലാന്‍ സ്പേസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. വിവരശേഖരണത്തിനായി സാമ്പത്തിക സ്ഥിതിവിവര കണക്ക് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ (ക്ലസ്റ്റര്‍ റിസോഴ്സ്പേഴ്സൻ) സമീപിക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്നും സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍മാരായ രാഹുല്‍ കൃഷ്ണശര്‍മ, ഡോ. അരുണ്‍ എസ്. നായര്‍, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. സാബു വർഗീസ് എന്നിവരും പങ്കെടുത്തു.
വന്യമൃഗങ്ങളിൽനിന്നും ജനങ്ങളെ രക്ഷിക്കണം -കിസാൻ സഭ
തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന ആൾനാശത്തിനും കൃഷിനാശത്തിനും ഉയർന്ന തോതിലുള്ള നഷ്ടപരിഹാരവും ജീവൻ നഷ്ടപ്പെടുന്നവരുടെ അനന്തരാവകാശികൾക്ക് യോഗ്യമായ സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.