കാടിറങ്ങി നാട്ടിലേക്ക്; ഒറ്റ ദിവസം അഞ്ചിടത്ത് കാട്ടാനയിറങ്ങി
text_fieldsഅടിമാലി: ഒരൊറ്റ ദിവസം. ആനകൾ കാടിറങ്ങി നാശം വിതച്ചത് അഞ്ചിടത്ത്. പടയപ്പയും ചക്കക്കൊമ്പനുമെല്ലാം ഒന്നിച്ചിറങ്ങിയ ദിവസം. ഓരോ ദിവസവും രൂക്ഷമാകുന്ന കാട്ടാനയാക്രമണത്തിൽ തരിച്ചു നിൽക്കുകയാണ് ഇടുക്കിയുടെ മലയോരങ്ങൾ. ഇടമലക്കുടി, ചിന്നക്കനാൽ, ദേവികുളം മിഡിൽ ഡിവിഷൻ, നേര്യമംഗലം ഡാം പരിസരം, കുണ്ടള എന്നിവിടങ്ങളിലാണ് ആനയിറങ്ങിയത്.
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ
ചിന്നക്കനാൽ സിങ്കുകണ്ടത്ത് ചക്കക്കൊമ്പനാണ് വീടിന് നേരേ ആക്രമണം നടത്തിയത്. കൂനംമാക്കൽ മനോജ് മാത്യുവും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. ബുധനാഴ്ച പുലർച്ചെ ചുമർ കുത്തി വിള്ളൽ വീഴ്ത്തിയായിരുന്നു ചക്കക്കൊമ്പന്റെ പരാക്രമം. വീടിനുള്ളിൽ ഉറങ്ങിക്കിടന്നവർ ഇടിക്കുന്ന ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോൾ ചക്കക്കൊമ്പൻ ചുമരിടിച്ച് തകർക്കുന്നതാണ് കണ്ടത്.
ഒറ്റക്കുത്തിന് ആന ചുമരിൽ വിള്ളൽ വീഴ്ത്തിയെന്ന് മനോജ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല. വീടിന്റെ സീലിങ് തകർന്നുവീണു. കഴിഞ്ഞ ദിവസം മുന്നൂറ്റിയൊന്ന് കോളനിയിൽ ചക്കകൊമ്പൻ വീട് നശിപ്പിച്ചിരുന്നു. അന്നും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൂടാതെ പൂപ്പാറയിൽ റേഷൻ കടക്ക് നേരെയും അടുത്തിടെ ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായി.
ദേവികുളത്ത് പടയപ്പ
ദേവികുളം മിഡിൽ ഡിവിഷനിൽ പടയപ്പയാണ് ഇറങ്ങിയത്. മിഡിൽ ഡിവിഷനിൽ ലയങ്ങൾക്ക് സമീപമെത്തിയ പടയപ്പ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചുവരികയായിരുന്ന പടയപ്പ ഉൾക്കാട്ടിലേക്ക് കടന്നെങ്കിലും കഴിഞ്ഞ ദിവസം ബസ് യാത്രക്കാർക്ക് നേരേ അക്രമം കാണിച്ചിരുന്നു. നേര്യമംഗലം ആറാം മൈലിലും കുണ്ടള ഡാം പരിസരത്തും കാട്ടാനക്കൂട്ടമെത്തി. മൂന്നാർ തലയാറിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. പ്രദേശവാസിയായ മുനിയാണ്ടിയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്.
കാട്ടാന ആക്രമണം; നഷ്ടപരിഹാരം ലഭിച്ചില്ല
പീരുമേട്: കാട്ടാനകൾ കൃഷി നശിപ്പിച്ച കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. പീരുമേട് ഗ്രാമപഞ്ചായത്ത് പരിധിയിൽ 100ൽപ്പരം കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്.
പീരുമേട് പ്ലാക്കത്തടം കോളനി, തോട്ടാപ്പുര, ട്രഷറി ക്വാർട്ടേഴ്സ് പരിസരം, കച്ചേരിക്കുന്ന്, അഗ്നിശമന സേന ഓഫീസ് പരിസരം, അഴുത എൽ.പി.സ്കുൾ പരിസരം, കല്ലാർ, പുതുവയൽ, അഴുതയാർ തുടങ്ങിയ മേഖലകളിലെ കർഷകർക്കാണ് കൃഷി നാശം ഉണ്ടായത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികൾ നിരന്തരമായി ആനകൾ നശിപ്പിക്കുകയാണ്. കൃഷി ഉപജീവനമായ കർഷകരാണ് പ്രതിസന്ധിയിലായത്. വരുമാനം നിലച്ച ഇവർ സാമ്പത്തിക പ്രശ്നത്തിലുമാണ്.
കൃഷി നഷ്ടപ്പെട്ടവർ കൃഷി ഓഫിസ് വഴി നഷ്ട കണക്ക് ശേഖരിച്ച് വനം വകുപ്പിന് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. കാർഷിക മേഖലയായ പ്ലാക്കത്തടം കോളനിയിൽ എട്ട് വർഷത്തിലധികമായി കൃഷി ഭൂമിയിൽ കാട്ടാനകൾ നാശം വിതക്കുന്നു.
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് ലഭിക്കുന്നില്ല. എരുമേലി റേഞ്ചിന്റെ പരിധിയിൽ 18 ലക്ഷം രൂപയോളം വനം വകുപ്പ് നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ഏപ്രിലിൽ വനം മന്ത്രി കുട്ടിക്കാനത്ത് പങ്കെടുത്ത യോഗത്തിൽ കോട്ടയം ഡി.എഫ്.ഒ. പറഞ്ഞെങ്കിലും പീരുമേട് മേഖലയിലെ കർഷകർക്ക് ലഭിച്ചില്ല.
വർഷങ്ങൾ പ്രായമായ തെങ്ങുകളും മൂന്ന് വർഷത്തിലധികം പ്രായമുളള നല്ല വിളവ് നൽകുന്ന ഏലം കർഷർക്കും വൻ നഷ്ടമാണുണ്ടായത്.
ഇടമലക്കുടിയിൽ എട്ട് ആനകൾ
ഇടമലക്കുടിയിലും ചിന്നക്കനാലിലും ബുധനാഴ്ച പുലർച്ചെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഇടമലകുടിയിൽ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന സൊസൈറ്റിക്ക് നേരെയാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. റേഷൻ കടയിലേക്കുള്ള ഭക്ഷ്യ വസ്തുക്കളും ഇതര പച്ചക്കറി - പലചരക്ക് സാധനങ്ങളും അകത്താക്കിയാണ് കാട്ടാനകൾ മടങ്ങിയത്.
രാത്രി 12 മണിയോടെ എട്ട് കാട്ടാനകൾ എത്തി സൊസൈറ്റിയുടെ ഭിത്തി ഇടിച്ച് തകർത്താണ് അകത്തിരുന്ന ഭക്ഷ്യവസ്തുക്കൾ അകത്താക്കിയത്. നേരം പുലർന്ന ശേഷം കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ കൂടിയാണ് കാട്ടാനകൾ പോയത്. ബാലൻ എന്ന ആദിവാസി കാട്ടാനകൂട്ടത്തിന്റെ മുന്നിൽ പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ കാട്ടാന ശല്യം അതിരൂക്ഷമാണ്.
പഞ്ചായത്ത് ഹാൾ, ബോയ്സ് ഹോസ്റ്റൽ, റേഷൻ കട എന്നിവക്ക് നേരെയും ആക്രമണം ഉണ്ടായി. വനവും ആദിവാസി കോളനിയും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തിക്കാത്തതാണ് കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങാൻ കാരണം. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇത് ആദിവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.