കാട്ടാന ശല്യം ഒഴിയുന്നില്ല; സമരത്തിന് ഒരുങ്ങി ജനകീയ സമിതി
text_fieldsമറയൂർ: മാസങ്ങളായി ശീതകാല പച്ചക്കറി കേന്ദ്രത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വനം വകുപ്പ് ഓഫിസ് ഉപരോധിക്കാൻ ജനകീയ സമിതി തീരുമാനം.
പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനമായത്. അഞ്ചിലധികം കാട്ടാനകളാണ് രണ്ടുമാസമായി കീഴാന്തൂർ, കുളച്ചുവയൽ, പെരുമല, ആടിവയൽ, ഗുഹനാഥപുരം ഉൾപ്പെടെയുള്ള ശീതകാല പച്ചക്കറി കേന്ദ്രങ്ങളിലും ഗ്രാമത്തിനുള്ളിലും കറങ്ങിനടക്കുന്നത്.
രാത്രിയിൽ കൃഷിയിടത്തിലിറങ്ങി വിളകൾ തിന്നു നശിപ്പിക്കുകയും പകൽ ഇവയെ പേടിച്ച് കൃഷിയിടത്തിൽ ജോലിയെടുക്കാൻ കഴിയാത്ത ശല്യവും ഉണ്ട്. സംഭവം വനം വകുപ്പ് അധികൃതരോട് അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ല. പലതവണ പരാതിപ്പെട്ടിട്ടും മറുപടി ലഭിക്കാതെ കൈയൊഴിയുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. പ്രദേശത്തെ കർഷകരെ സംരക്ഷിക്കാനും വന്യജീവികളുടെ ആക്രമണം തടയാനും ഒരു നടപടിയും വനം വകുപ്പ് സ്വീകരിക്കുന്നില്ല.
പാരമ്പര്യമായി പ്രദേശത്ത് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ചുവരുന്ന ജനങ്ങളെ ഇവിടെനിന്നും ഓടിച്ചുവിടാനുള്ള നീക്കമാണ് ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. കാട്ടാനക്കൂട്ടത്തെ അടിയന്തരമായി ഓടിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. യോഗ തീരുമാനങ്ങൾ കത്തിലൂടെ വനം വകുപ്പിനെ അറിയിച്ചതായും ജനകീയ സമിതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.