ജനങ്ങളെ ഭീതിയിലാഴ്ത്തി കാന്തല്ലൂർ ടൗണിലും കാട്ടാനകൾ
text_fieldsമറയൂർ: കൃഷിയിടങ്ങളിൽ നാശം വരുത്തുന്നത് കൂടാതെ കാന്തല്ലൂർ ടൗണിലുമിറങ്ങി കാട്ടാനകൾ. കൊമ്പനും കുഞ്ഞും ഉൾപ്പെടെ മൂന്ന് കാട്ടാനകളാണ് ഞായറാഴ്ച പുലർച്ച രണ്ടോടെ ടൗണിലെ കോളാട്ടുകുടിയിൽ സന്നിയുടെ വീടിനും കടക്കും സമീപം മെയിൻ റോഡിലൂടെ നടന്നത്. തുടർന്ന് സുരേഷ് ഭവനിൽ സുധീറിന്റെ വാഴയും മറ്റു കൃഷിവിളകളും തിന്നു നശിപ്പിച്ചു. കൃഷിത്തോട്ടത്തിലൂടെ കയറിയിറങ്ങി ആനകൾ നാശം വരുത്തുകയും ചെയ്തു.
നാളുകളായി കീഴാന്തൂർ, കുളിച്ചിവയൽ, കാന്തല്ലൂർ, ആടിവയൽ, പെരുമല, പുത്തൂർ, വെട്ടുകാട്, കാരയൂർ ഗ്രാമപ്രദേശങ്ങളിൽ ശീതകാല പച്ചക്കറി ഉൾപ്പെടെയുള്ള കൃഷിവിളകളും വാഴ, തെങ്ങ്, കമുക് ഉൾപ്പെടെയുള്ള വിളകളുമാണ് തിന്നും നശിപ്പിച്ചുമിരുന്നത്.
മൂന്നു മാസമായി കൃഷിയിടത്തുതന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ വനം വകുപ്പ് നടപടി എടുക്കാത്തതാണ് കർഷകരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്.
കൃഷി മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഭയന്ന് പലരും പകൽപോലും കൃഷി ജോലിക്ക് എത്താത്ത അവസ്ഥയുമുണ്ട്. മൂന്നുമാസത്തിൽ വിളവെടുക്കാവുന്ന കൃഷികൾ എല്ലാം ഇതുമൂലം പരിപാലനം ഇല്ലാതെ നശിക്കുകയും ചെയ്യുന്നു. ഒടുവിൽ കാന്തല്ലൂരിൽ കാട്ടാനക്കൂട്ടം
എത്തിയത് ജനങ്ങളെയും ഭീതിയിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.