Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരിതംവിതച്ച്...

ദുരിതംവിതച്ച് വന്യജീവികൾ; കണ്ണടച്ച് വനംവകുപ്പ്

text_fields
bookmark_border
Wildlife disturbance Blindfolded Forest Department
cancel

പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന കോളനികളിൽനിന്ന് ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നടക്കുന്നതായ സംശയം തുടങ്ങിയിട്ട് കാലങ്ങളായി. കൃഷിയും വീടും തകർത്ത് വന്യജീവികൾ കോളനികളിൽ ഭീതിവിതച്ചിട്ടും കാണാത്ത ഭാവംനടിക്കുന്ന വനപാലകരുടെ നടപടി ഈ സംശയം ബലപ്പെടുത്തുന്നു. വന്യജീവി ഭീതിയിൽ ജീവിതം വഴിമുട്ടുന്ന കഥയാണ് ഇവിടുത്തെ കോളനികൾക്ക് പറയാനുള്ളത്.

വനമേഖലയോട് ചേർന്ന ആദിവാസി കോളനികളിൽ 700ലധികം കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെ ആനയും മ്ലാവും പന്നിയും കാട്ടുപോത്തും ഉൾപ്പെടെ ജീവികളുടെ ശല്യം പതിവായതോടെ ഏക്കർ കണക്കിന് സ്ഥലം കൃഷിചെയ്യാനാവാതെ കാടുപിടിച്ചു. മുമ്പ് ആദിവാസി കോളനികളിൽ ഉൽപാദിപ്പിക്കുന്ന ടൺകണക്കിന് ജൈവ കുരുമുളക് വിദേശ രാജ്യങ്ങളിലേക്ക് കയറിപ്പോയിരുന്നു. ഇതുവഴി ആദിവാസി കുടുംബങ്ങൾക്കും വനംവകുപ്പിനും ഉണ്ടായ സാമ്പത്തികനേട്ടം ചെറുതല്ല. എന്നാൽ, കഴിഞ്ഞ കുറേ കാലങ്ങളായി ഇതെല്ലാം നശിച്ചു.

കൃഷിയിടങ്ങളിലെ വിളകൾ നശിപ്പിച്ചതിനൊപ്പം കുളങ്ങളും കിണറുകളും വന്യജീവികൾ തകർത്തു. കാട്ടാനശല്യം രൂക്ഷമായതോടെ പലരും വീട് ഉപേക്ഷിച്ചു. വനംവകുപ്പിൽനിന്ന് മുമ്പ് ആദിവാസി കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന സഹായവും 10 വർഷമായി മുടങ്ങിയിരിക്കയാണെന്ന് ആദിവാസികൾ പറയുന്നു.

ചികിത്സസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ചടങ്ങുകൾക്ക് നൽകിയിരുന്ന 2000 രൂപ എന്നിവയൊന്നും ഇപ്പോൾ ലഭിക്കുന്നില്ല. ഇതെല്ലാം നിർത്തലാക്കിയതിനുപിന്നാലെയാണ് വന്യജീവി ആക്രമണത്തിന് വഴി തുറന്നുനൽകിയത്.

കാടും ആദിവാസി കോളനികളും അതിരിടുന്ന പ്രദേശങ്ങളിലെ കിടങ്ങുകളും വൈദ്യുതി വേലികളും വർഷങ്ങളായി നശിച്ചുകിടക്കുകയാണ്. ഇവയുടെ അറ്റകുറ്റപ്പണിക്കായി വർഷംതോറും വലിയ തുക ചെലവഴിക്കുന്നതായി കണക്കുണ്ടെങ്കിലും ഒന്നും നടക്കാത്തതിന്‍റെ തെളിവാണ് കോളനികളിലെ വന്യജീവിശല്യമെന്ന് ആദിവാസികൾ പറയുന്നു. ആദിവാസി കുടുംബങ്ങളിലെ കുറച്ച് യുവാക്കൾക്ക് വനംവകുപ്പിൽ വാച്ചറായി ജോലി നൽകിയതോടെ വനപാലകരുടെ അനാസ്ഥക്കെതിരെ കുടുംബങ്ങൾക്ക് പ്രതിഷേധിക്കാൻ കഴിയാത്ത അവസ്ഥയുമായി.

സുധ, മണികണ്ഠൻ, പൂങ്കൊടി, ചെല്ലപ്പൻ എന്നിവർ വന്യജീവി ശല്യം കാരണം വർഷങ്ങൾക്ക് മുമ്പ് ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി ഉപേക്ഷിച്ചവരിൽ ചിലർ മാത്രം. പഞ്ചായത്തിന്‍റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് വീണ്ടും കൃഷിക്കിറങ്ങിയ ശശി ഉൾപ്പെടെ ആദിവാസികൾക്ക് പറയാനുള്ളതും ദുരിതത്തിന്‍റെ കഥകൾ മാത്രം.

ഒരു കാലഘട്ടത്തിൽ ഏലവും കാപ്പിയും കരുമുളകും നിറഞ്ഞ് പൊന്നുവിളഞ്ഞ ഭൂമിയിൽ വനപാലകരുടെ അനാസ്ഥ കാരണം കാടുപിടിച്ചു. ഇതിനെതിരെ പ്രതികരിക്കേണ്ട രാഷ്ട്രീയ പാർട്ടികളും നിശ്ശബ്ദരായതോടെ കോളനികളിൽ ആദിവാസികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി.

വഴിയില്ല, വാഹനമില്ല; പരാതിക്കെട്ടഴിച്ച് വിദ്യാർഥികള്‍

വെള്ളിയാമറ്റം: പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ അടിസ്ഥാന സൗകര്യം വിലയിരുത്തി ജില്ല വികസന കമീഷണര്‍. അടിസ്ഥാന സൗകര്യം ഇല്ലാത്തതുള്‍പ്പെടെ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും വിദ്യാർഥികള്‍ രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍റെ സന്ദര്‍ശനം.

മാർച്ച് 15ന് പന്നിമറ്റം പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന ബാലവകാശ കമീഷന്‍റെ ഏകദിന ക്യാമ്പ് ജില്ല വികസന കമീഷണറാണ് ഉദ്ഘാടനം ചെയ്തത്. ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവർ കമീഷണർക്ക് മുന്നിൽ നിരവധി പരാതികൾ ഉന്നയിച്ചു. രേഖാമൂലം പരാതി സമര്‍പ്പിക്കാന്‍ കമീഷണർ നിർദേശം നൽകി. ഇത്തരത്തിൽ ലഭിച്ച പരാതികളെക്കുറിച്ചുള്ള അന്വേഷണത്തിനായാണ് ജില്ല വികസന കമീഷണർ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ആദിവാസി ഊരുകളിൽ എത്തിയത്. വഴിയില്ലാത്തതിനാലുള്ള യാത്രദുരിതം മുതല്‍ സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തത് വരെയുള്ള കാര്യങ്ങള്‍ കോഴിപ്പിളി, നാളിയാനി, തടിയനാല്‍ തുടങ്ങിയ ഊരുകൂട്ടങ്ങളില്‍നിന്നുള്ള കുട്ടികള്‍ സമര്‍പ്പിച്ച പരാതികളില്‍ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് നേരിട്ട് അന്വേഷണം നടത്തി.

ആദിവാസി മേഖലയിലെ നിര്‍മാണങ്ങൾക്ക് വനം വകുപ്പില്‍നിന്ന് അനുമതി ലഭിക്കാത്തതാണ് റോഡ് പണിക്ക് തടസ്സമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ സമയത്ത് സ്‌കൂളിലെത്താന്‍ കഴിയുന്നില്ലെന്നും ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ വനംവകുപ്പില്‍ ഇടപെടല്‍ നടത്തി എത്രയും വേഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാക്കാമെന്ന് കമീഷണര്‍ അറിയിച്ചു.

പൂമാലയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തത് കുട്ടികളുടെ സുരക്ഷിതത്വത്തെ കാര്യമായി ബാധിക്കുന്നതായുള്ള പരാതി തടിയനാല്‍ ഊരുമൂപ്പന്‍ ഉന്നയിച്ചു. സ്‌കൂളും ട്രൈബല്‍ ഡിപ്പാർട്മെന്‍റും പ്രൈമറി ഹെല്‍ത്ത് സെന്‍ററും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം പരിഹരിക്കാത്തതിനാലാണ് ചുറ്റുമതില്‍ നിര്‍മാണം വൈകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദു ബിജു അറിയിച്ചു. ഇതേ തുടര്‍ന്ന് കമീഷണര്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. തര്‍ക്കം തീര്‍ക്കാനുള്ള ഇടപെടല്‍ നടത്താമെന്ന് അറിയിച്ചു. ആശുപത്രിക്കാവശ്യമായ ഭൂമി വിട്ടുനല്‍കി ബാക്കിയുള്ള ഭാഗം മുഴുവനായും ചുറ്റുമതില്‍ കെട്ടുന്നതിനുള്ള പ്രോജക്ട് തയാറാക്കുവാന്‍ കമീഷണര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

പ്രകൃതിദുരന്തത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ച ദേവരുപാറ-നാളിയാനി റോഡ്, പത്താഴകല്ല്-പറക്കാനം റോഡ് എന്നിവിടങ്ങളിലും വടക്കനാറിന് കുറുകേ പാലം ആവശ്യമായ കൊച്ചേരികടവ്, മടത്തിക്കടവ് എന്നീ സ്ഥലങ്ങളും കമീഷണര്‍ സന്ദര്‍ശിച്ചു. ട്രൈബല്‍ ഫണ്ട് ഉപയോഗിച്ച് പാലംപണി നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് കമീഷണര്‍ പറഞ്ഞു. (തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmentWildlife attack
News Summary - Wildlife disturbance: Blindfolded Forest Department
Next Story