അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു
text_fieldsമൂലമറ്റം: വേനൽ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജില്ലയിലെ ഏറ്റവും വലിയ ഡാമായ ഇടുക്കി അണക്കെട്ടിൽ അവശേഷിക്കുന്നത് 2345.26 അടി ജലമാണ്. സമുദ്രനിരപ്പിൽനിന്നുള്ള ഉയരമാണിത്. അതായത് 42 ശതമാനം. നാലു മാസം മുമ്പ് ജനുവരിയിൽ ഇതേ ദിവസം 2365.5 അടി ജലവും 60 ശതമാനവുമായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് 18 അടി ജലം കുറവ്. ജില്ലയിലെ മറ്റു വൈദ്യുതി വകുപ്പിന്റെ ഡാമുകളിലെ നിലവിലെ ജലനിരപ്പ് കുണ്ടള -94, മാട്ടുപ്പെട്ടി -64, ഇടമലയാർ -42, ആനയിറങ്കൽ -53, ലോവർപെരിയാർ -80 എന്നിങ്ങനെയാണ്. ജലസേചന വകുപ്പിന്റെ അണക്കെട്ടായ മലങ്കരയിൽ 95 ശതമാനം ജലം അവശേഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതും നീരൊഴുക്ക് നിലച്ചതുമാണ് ഡാമുകളിലെ ജലനിരപ്പ് താഴാൻ കാരണം. സംസ്ഥാനത്തെ അണക്കെട്ടുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വെള്ളം സംഭരണികളിൽ കുറഞ്ഞെങ്കിലും മുഴുവന്‍ ശേഷിയില്‍ ഉൽപാദനം നടത്തിയാലും ജൂണ്‍വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്.
സംസ്ഥാനത്ത് ചൊവ്വാഴ്ച ഉപയോഗിച്ച വൈദ്യുതി സർവകാല റെക്കോഡാണ്. 110.10 ദശലക്ഷം യൂനിറ്റാണ് ചൊവ്വാഴ്ചത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ഇതിൽ 86.35 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുകയായിരുന്നു. 23.74 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് ചൊവ്വാഴ്ച 7.56 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.