80ാം പിറന്നാൾ ആഘോഷമാക്കാതെ പി.ജെ
text_fieldsതൊടുപുഴ: ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും 80 ാം പിറന്നാൾ ദിനത്തിൽ പി.ജെ. ജോസഫ് എം.എൽ.എക്ക് തിരക്കിനൊട്ടും കുറവുണ്ടായിരുന്നില്ല. രാവിലെ മുതൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ആശംസാപ്രവാഹമായിരുന്നു. കോവിഡ് കാലമായതിനാൽ ആഘോഷങ്ങളൊന്നുമില്ലെന്ന് നേരത്തേ തന്നെ അറിയിച്ചിട്ടും പ്രവർത്തകർ രാവിലെ തന്നെ പുറപ്പുഴയിലെ വീട്ടിലെത്തി. പൂക്കളും മധുരവുമായി എത്തിയ അവരോടൊപ്പം അൽപനേരം കുശലം പറഞ്ഞ് പി.ജെ പതിവ് തിരക്കുകളിലേക്കിറങ്ങി.
രാവിലെ പത്തിന് തൊടുപുഴയിൽ വനിത കോൺഗ്രസിെൻറ ധർണയിൽ പങ്കെടുത്ത് സംസാരിച്ചു. ഇവിടെ പ്രവർത്തകർ പിറന്നാൾ കേക്ക് കരുതിയിരുന്നെങ്കിലും പൊതുസ്ഥലത്ത് കേക്ക് മുറിക്കുന്നത് ഉചിതമാകില്ലെന്ന് അറിയിച്ചതോടെ മധുരം വിതരണത്തിലൊതുക്കി. തിരികെ പുറപ്പുഴയിലെ വീട്ടിലെത്തുേമ്പാൾ ഇടുക്കി എം.പി ഡീൻ കുര്യോക്കോസ് ആശംസഅറിയിക്കാനെത്തിയിരുന്നു. മക്കളും മരുമക്കളും കുറച്ച് ബന്ധുക്കളും നേരത്തേ തന്നെ പാലത്തിനാൽ വീട്ടിലെത്തിയിരുന്നു. വൈകീട്ട് 5.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തി.
ഒരുമിച്ച് കേക്ക് മുറിച്ചു. ജന്മദിനാശംസ നേർന്ന സതീശൻ, പി.ജെ. ജോസഫ് യു.ഡി.എഫിെൻറ അവിഭാജ്യ ഘടകമാണെന്നും ജോസഫിെൻറ കരുത്തിൽ യു.ഡി.എഫ് തിരികെ വരുമെന്നും പറഞ്ഞു. തുടർന്ന് ഇരുവരും അരമണിക്കൂറോളം സംസാരിച്ചു.
ഇതിനിടെ മോൻസ് ജോസഫ് എം.എൽ.എ, ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, നേതാക്കളായ റോയ് കെ. പൗലോസ്, എസ്. അശോകൻ, സി.പി. മാത്യു, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ടി.യു. കുരുവിള എന്നിവർ വീട്ടിൽ എത്തി ആശംസ അറിയിച്ചു.
മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി, സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആൻറണി രാജു, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുരോഹിതന്മാരായ കർദിനാൾ ക്ലീമിസ്, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് മഠത്തിക്കണ്ടം എന്നിവർ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.