വിധിയോട് പൊരുതി ഒരമ്മയും മകളും
text_fieldsചെറുതോണി: വിധിയോട് പടവെട്ടി ജീവിച്ചുകാണിക്കുകയാണ് ബൈസൻവാലി പഞ്ചായത്തിലെ മുട്ടുകാട്ടിൽ വീട്ടിൽ ബിന്ദു. ജന്മന മുട്ടിനുതാഴേക്ക് ബിന്ദുവിന് കൈയും കാലുമില്ല. വീട്ടിൽതന്നെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയാണ് ഉപജീവനം. കുറ്റിയാനിക്കൽ രവിയുടെയും രുഗ്മിണിയുടെയും മൂത്ത മകളാണ് 47കാരിയായ ബിന്ദു.
ഇളയ നാല് പെൺമക്കളെയും കൂലിപ്പണിയെടുത്തും കഷ്ടപ്പെട്ടും നല്ല വിദ്യാഭ്യാസം നൽകി വിവാഹം ചെയ്തയച്ചു. ബിന്ദു നാലുവരെ പഠിച്ചത് മുട്ടുകാട് വേണാട് സ്കൂളിലായിരുന്നു. അതിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം മൂവാറ്റുപുഴ ആനിക്കാട് സെൻറ് സെബസ്റ്റ്യൻ സ്കൂളിലായിരുന്നു. കോൺവെൻറിലെ സിസ്റ്റർമാരായിരുന്നു പഠിപ്പിച്ചത്. പിന്നീട് ബൈസൺവാലി എസ്.എൻ കോളജിൽ പി.ഡി.സി വിദ്യാഭ്യാസം.
ആകെയുള്ള സമ്പാദ്യം 10 സെൻറ് സ്ഥലവും ഒരു വീടും. ആശ്രയ പദ്ധതിയിലൂടെ കിട്ടിയതാണ് വീട്. 66കാരിയായ അമ്മ തൊഴിലുറപ്പിന് പോയാണ് കഴിയുന്നത്. നല്ലവരായ നാട്ടുകാരുടെ സഹായവുമുണ്ട്. ബിന്ദുവിെൻറ കഥ കേട്ട് മസ്കത്തിലെ വിദേശ മലയാളി സംഭാവന ചെയ്തതാണ് ഫോട്ടോസ്റ്റാറ്റ് മെഷീൻ. വീട്ടിനകത്ത് മുട്ടിലിഴഞ്ഞാണ് നടപ്പ്. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ തെൻറ ജീവിതത്തെ പഴിക്കാതെ ബിന്ദു ജീവിച്ചുകാണിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.