ഗവിയിൽ ഉദ്യോഗസ്ഥരാജ് അരക്ഷിതാവസ്ഥയിൽ തൊഴിലാളികൾ
text_fieldsചിറ്റാർ: ടൂറിസം ഗൈഡും വാച്ചറുമായ തൊഴിലാളിക്ക് സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് മർദനമേറ്റ സംഭവം വിവാദമായതോടെ ഗവിയിൽ ഉദ്യോഗസ്ഥരാജെന്ന് ആക്ഷേപം. വനത്താൽ ചുറ്റപ്പെട്ട ഗവി, കൊച്ചുപമ്പ പ്രദേശങ്ങളിൽ പുനരധിവസിപ്പിച്ചിരിക്കുന്ന ശ്രീലങ്കയിൽനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിയ തമിഴ് വംശജരായ തൊഴിലാളികൾക്കാണ് ദുരനുഭവം നേരിടേണ്ടി വരുന്നത്. വംശീയ, ജാതീയ അധിക്ഷേപം സഹിച്ചാണ് ഇവർ ജീവിക്കുന്നത്.
ഏലത്തോട്ടങ്ങളിലും ഗവി ഇക്കോ ടൂറിസത്തിലും ജോലി നോക്കുന്നവരെ വനം വികസന കോർപറേഷൻ (കെ.എഫ്.ഡി.സി) ഉദ്യോഗസ്ഥരാണ് പീഡിപ്പിക്കുന്നത്. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടുത്തെ തോട്ടങ്ങൾ കെ.എഫ്.ഡി.സിയുടെ അധീനതയിലാണ്. വിനോദസഞ്ചാരത്തിനായി ഇക്കോ ടൂറിസം പദ്ധതിയും കോർപറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്നു. തോട്ടത്തിലും ഇക്കോ ടൂറിസത്തിലും തമിഴ് വംശജരായ തൊഴിലാളികളാണ് ജോലി നോക്കുന്നത്. ഇവർക്ക് വേതനം നൽകുന്നതിലും കൂലി വർധനയിലും മറ്റും കോർപറേഷൻ അധികൃതർ സ്വീകരിക്കുന്ന ചിറ്റമ്മനയത്തിൽ പലപ്പോഴും ഇവിടെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും ഇടിഞ്ഞുവീഴാറായ ലയങ്ങളും തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയായി മാറുന്നു. നിരവധി പേർ താമസിക്കുന്ന ഇവിടങ്ങളിൽ വേണ്ടത്ര ചികിത്സ-വിദ്യാഭ്യാസ സൗകര്യമില്ലാത്തതും തലമുറകളായി നേരിടുന്ന മറ്റൊരു പീഡനമാണ്. തൊഴിലില്ലായ്മ മൂലം അടുത്ത തലമുറ ഇവിടം വിട്ട് പോകുകയാണ്.
തൊഴിലാളികൾ സമരത്തിൽ
ഗവി ഇക്കോ ടൂറിസം ഗൈഡുകൂടിയായ വാച്ചർ വൈ. വർഗീസ് രാജിനെ (47) മർദിച്ച കേസിൽ കോർപറേഷന്റെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടും തൊഴിലാളികൾ ഒരാഴ്ചയായി സമരത്തിലാണ്. ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കാൻ കോർപറേഷൻ മേലധികാരികൾ രേഖാമൂലം ഉറപ്പ് നൽകുന്നതുവരെ സമരം തുടരുമെന്നാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ നിലപാട്.
വർഗീസ് രാജിന്റെ പരാതിയിൽ മൂഴിയാർ പൊലീസ് കേസെടുത്ത് അറസ്റ്റ്ചെയ്തതിന് പിന്നാലെയാണ് കോർപറേഷൻ അസി. മാനേജർമാരായ രാജേഷ്, വിശാന്ത്, ഓഫിസ് അസിസ്റ്റന്റ് ഹാദി എന്നിവരെ സസ്പെൻഡ് ചെയ്തത്. അറസ്റ്റിലായ ഇവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു. ഗവി അണക്കെട്ടിനോട് ചേർന്ന ഇരുകരയിലാണ് ഇക്കോ ടൂറിസം ഭാഗമായി സന്ദർശകർക്ക് താമസിക്കാനുള്ള സൗകര്യമുള്ളത്. നൈറ്റ് വാച്ചർമാരെയാണ് ഇക്കോ ടൂറിസത്തിൽ താമസിക്കുന്ന സഞ്ചാരികളുടെ സഹായത്തിനായി നിയമിക്കുന്നത്. സംഭവം നടന്ന ദിവസം തിരുസെൽവവും വർഗീസുമായിരുന്നു ഡ്യൂട്ടിക്കുണ്ടായിരുന്നത്. മദ്യപിച്ചെന്ന് ആരോപിച്ച് 13ന് രാത്രിയാണ് വർഗീസ് രാജിന് മർദനം ഏറ്റത്.
വിനോദ സഞ്ചാരികൾ താമസിക്കുന്ന മുറിയിലെ വൈദ്യുതി പോയവിവരം മാനേജറെ വിളിച്ച് വർഗീസ് അറിയിച്ചിരുന്നു. മേൽ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചതിൽ ക്ഷുഭിതനായ അസി. മാനേജർ ഉൾപ്പെട്ട മൂന്നംഗ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി വർഗീസുമായി വാക്കേറ്റമായി. ഇവരെത്തിയപ്പോൾ ഉറക്കത്തിലായിരുന്ന വർഗീസ് മദ്യപിച്ചുണ്ടെന്ന് ആരോപിച്ച് ഡിവിഷൻ മാനേജറുടെ മുന്നിൽ എത്തിച്ചു. ഇതിനിടെ ഉദ്യോഗസ്ഥരും മദ്യപിച്ചിരുന്നതായി വർഗീസ് ആരോപിച്ചു. വർഗീസിന്റെ ഭാര്യ വിജയലക്ഷ്മിയെ രാത്രി 11ഓടെ ഇവർ ഓഫിസിൽ വിളിച്ചുവരുത്തി.
ആശുപത്രി യാത്രക്കിടെ മർദനം
മൂവർ സംഘം വർഗീസുമായി രാത്രി പീരുമേട് സർക്കാർ ആശുപത്രിയിൽ എത്തി. പരിശോധനയിൽ വർഗീസിന്റെ തലയിൽ മുറിവുകണ്ട ഡ്യൂട്ടി ഡോക്ടർ കാഞ്ഞിരപ്പള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ ഗവിയിൽ തിരിച്ചെത്തി രാത്രി മൂന്നോടെ ലയത്തിന് സമീപം തന്നെ ഇറക്കിവിട്ടെന്ന് വർഗീസ് പറയുന്നു. പറ്റേ ദിവസം തൊഴിലാളികളാണ് വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മൂവരുംകൂടി മർദിച്ചെന്ന് മൂഴിയാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യാത്രക്കിടയിലെ ഇവരുടെ പോർവിളിയും തർക്കവും മറ്റും റെക്കോഡ് ചെയ്തെങ്കിലും മൂവർ സംഘം വർഗീസിന്റെ മൊബൈൽ ഫോൺ ബലമായി വാങ്ങി മായ്ച്ചുകളഞ്ഞു. ഈ ശബ്ദരേഖ മറ്റൊരു ഫോൾഡറിൽ കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരായ തെളിവുകൾ ബലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വനം വികസന കോർപറേഷന്റെ ഗവി ഡിവിഷൻ ഓഫിസ് കവാടം പൂട്ടി ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചകളിലാണ് തൊഴിലാളികൾ കവാടം തുറന്നുനൽകിയത്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും അസി. മാനേജർ രാജേഷ് പറഞ്ഞു.
പരിഹാരം നീളുന്നു; ടൂറിസം നിലച്ചു
കോർപറേഷന്റെ മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചനുമായി സംയുക്ത തൊഴിലാളി യൂനിയൻ കഴിഞ്ഞ വെള്ളിയാഴ്ച ഗവിയിൽ ചർച്ച നടത്തിയിരുന്നെങ്കിലും തൊഴിലാളികൾ തൃപ്തരല്ലാത്തതിനാൽ ധാരണയായില്ല. കോർപറേഷൻ ചെയർപേഴ്സൻ ലതിക സുഭാഷുമായി ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ചർച്ച ഇതിനിടെ നടന്നതുമില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ അവർ അസൗകര്യം അറിയിച്ചു. പുതിയ തീയതി നിശ്ചയിച്ചിട്ടുമില്ല. തന്റെയും ബോർഡ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ തിരുവോണത്തിന് ശേഷം ചർച്ച നടക്കുമെന്ന് ചെയർപേഴ്സൻ പ്രതികരിച്ചു.
കഴിഞ്ഞദിവസം നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഏലത്തോട്ടത്തിൽ തൊഴിലാളികൾ എത്തുന്നുണ്ട്. എന്നാൽ, ഇക്കോ ടൂറിസത്തിലെ തൊഴിലാളികൾ സമരത്തിലാണ്. ഇതോടെ ഇവിടുത്തെ വിനോദ സഞ്ചാരികളുടെ ബുക്കിങ്ങും കോർപറേഷൻ നിർത്തിവെച്ചിരിക്കുകയാണ്. ഗവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിയ തൊഴിലാളികളെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി പുറത്തിറക്കി വിട്ടതായി തൊഴിലാളികൾ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്ത് കേസെടുത്തത് വീണ്ടും പ്രതിഷേധത്തിനു കാരണമായി. ഗവിയിലെ തൊഴിലാളികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് കോർപറേഷൻ എം.ഡി ജോർജി പി. മാത്തച്ചൻ പറഞ്ഞു. തൊഴിലാളികളുടെ പരാതികൾ രേഖാമൂലം സ്വീകരിക്കാൻ എ.ജി.എം കിരണിന് ചൊവ്വാഴ്ചവരെ ഗവി ഡിവിഷന്റെ താൽക്കാലിക ചുമതല നൽകിയിരുന്നു.
മദ്യപിച്ചെന്ന് ആരോപിച്ച് ജീവനക്കാരനെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോകാൻ കോർപറേഷൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് മൂഴിയാർ പൊലീസ് പറഞ്ഞു. തടഞ്ഞുവെച്ചത് അനധികൃതമാണ്. ബലം പ്രയോഗിച്ച് വാഹനത്തിൽ കൊണ്ടുപോകാനും സ്വകാര്യ ഫോണുകൾ പിടിച്ചുവാങ്ങിവെക്കാനും ആർക്കും അധികാരമില്ലെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.