കർഷകരാണ്...കനിയണം
text_fieldsഇടുക്കിയുടെ മണ്ണിൽ നിന്ന് ഇപ്പോൾ ഉയരുന്നത് കർഷകരുടെ നിലവിളിയാണ്. വരണ്ട മണ്ണിൽ വിളകളെല്ലാം കരിഞ്ഞുണങ്ങിയത് കണ്ട് നെഞ്ചുപിടഞ്ഞ് നിൽക്കുകയാണ് ഈ കർഷകർ. കൃഷിയിറക്കാൻ ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്തവരും മറ്റും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു.
കൃഷി മന്ത്രി പി. പ്രസാദ് വ്യാഴാഴ്ച ജില്ലയിലെ വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് പ്രതീക്ഷയോടെയാണ് കർഷകർ കാണുന്നത്. ജില്ലയെ വരൾച്ച ബാധിതം എന്ന് പ്രഖ്യാപിച്ചാലേ അർഹമായ നഷ്ട പരിഹാരം കിട്ടൂ എന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
കരിമ്പ് കൃഷി നശിച്ചു
ഇടുക്കി: പ്രതികൂല കാലാവസ്ഥയിൽ കൃഷി നശിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കി മറയൂരിലെ കരിമ്പ് കര്‍ഷകര്‍. ഏക്കറ് കണക്കിന് ഭൂമിയിലെ കരിമ്പ് കൃഷി ഉണങ്ങി നശിച്ചു. മറയൂർ ശർക്കരയുടെ നിർമാണത്തെയും കാര്യമായി ബാധിച്ചു.
കനത്ത വേനലിൽ കരിമ്പുപാടങ്ങൾ കരിഞ്ഞുണങ്ങിയതോടെ വായ്പ എടുത്ത് കൃഷി ഇറക്കിയ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയായത്.
മറയൂര്‍, പയസ് നഗര്‍, വെട്ടുകാട്, കാരയൂര്‍ മേഖലകളില്‍ ഏക്കറ് കണക്കിന് കൃഷിയാണ് നശിച്ചത്. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം മറയൂരിലെ നിരവധി കര്‍ഷകര്‍ കരിമ്പ് കൃഷി ഉപേക്ഷിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയവരെ വേനലും ചതിച്ചു. ഭൗമസൂചികാ പദവിയുള്ള മറയൂർ ശര്‍ക്കരയുടെ നിലനില്‍പ്പിനായി പ്രത്യേക പാക്കേജ് വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
175.54 കോടിയുടെ കൃഷി നാശം
തൊടുപുഴ: ജില്ല നേരിട്ട കൊടും വരൾച്ചയിൽ കർഷകർക്കുണ്ടായത് 175.54 കോടിയുടെ കൃഷി നാശം. ജില്ലയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വ്യാപക കൃഷി നാശമാണിത്.
വരൾച്ച മൂലം സംസ്ഥാനത്ത് ഏറ്റവും വലിയ കൃഷി നാശം ഉണ്ടായത് ഇടുക്കി ജില്ലയിലാണെന്ന് വിവിധ ജില്ലകൾ സന്ദർശിച്ച് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുമധികം നാശം ഏലത്തിനാണ്.
വാഴ, കുരുമുളക് എന്നിവക്കും നാശം നേരിട്ടു. മുൻ കാലങ്ങളിൽ വരൾച്ചയെ ഒരു പരിധി വരെ അതിജിവിച്ചിരുന്നു. കൊടും ചൂട് മൂലം ചിലയിടങ്ങളിൽ വിളകൾ പൂർണമായും ഉണങ്ങിയെങ്കിൽ മറ്റിടങ്ങളിൽ ഉൽപാദനം കുറഞ്ഞു.
ഏലം, കുരുമുളക്, വാഴ, ജാതി എന്നിവയാണ് ജില്ലയിൽ കൂടുതലായും നശിച്ചത്. 17481 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 30183 കർഷകർക്ക് നഷ്ടം നേരിട്ടു. 22311 കർഷകരുടെ 16220.6 ഹെക്റ്ററിലെ ഏലം ഉണങ്ങി. 113.54 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. ജില്ലയിലെ ഏലം കൃഷിയുടെ 60 ശതമാനത്തോളം കടുത്ത വേനലിൽ നശിച്ചെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. അടുത്ത സീസണിൽ 40 മുതൽ 70 ശതമാനം വരെ ഉൽപാദനക്കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ജില്ലയിൽ സി.എച്ച്.
ആറിലാണ് പ്രധാനമായി ഏലം കൃഷി ചെയ്യുന്നതെന്നാണ് സ്പൈസസ് ബോർഡിന്റെ കണക്ക്. എന്നാൽ പട്ടയ ഭൂമിയിൽ ഉൾപ്പെടെ വൻ തോതിൽ ഏലം കൃഷിയുണ്ട്. ഹൈറേഞ്ചിൽ ഏല കൃഷിയുള്ള എല്ലാ മേഖലകളിലും നാശം സംഭവിച്ചിട്ടുണ്ട്.
എല്ലാം നഷ്ടപ്പെട്ടു, നിസ്സഹായനായി സജി
നെടുങ്കണ്ടം: പാട്ടത്തിനെടുത്ത് കൃഷി ചെയ്ത രണ്ടേകാല്‍ ഏക്കര്‍ കൃഷി കടുത്ത വേനലില്‍ പൂർണമായി ഉണങ്ങി നശിച്ചതിന്റെ വിഷമത്തിലാണ് മാവടി പാലത്തിനാല്‍ സജി. ഇതോടെ ഒരു കുടുംബത്തിന്റെ ജീവിതം തന്നെ താളം തെറ്റിയിരിക്കുകയാണ്. ആകെ 1400 ഏലച്ചെടികളില്‍ അവശേഷിക്കുന്നത് 30 മൂടാണ്.
കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം രൂപ ആദായം കിട്ടിയ ഏലച്ചെടികളാണ് കരിഞ്ഞുണങ്ങിയത്. അഞ്ചാം വര്‍ഷ ചെടിയായിരുന്നു. മൂന്നാം വർഷം മുതലാണ് കായ്ച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് വേനല്‍ മഴ ലഭിച്ചെങ്കിലും കച്ചി പോലെ കിടക്കുന്ന തോട്ടത്തിലേക്ക് പോകാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്ന് സജി പറഞ്ഞു. ഏലം പുന:കൃഷി നടത്തണമെങ്കില്‍ തട്ട ഒന്നിന് 300 രൂപ പ്രകാരം നല്‍കണം.
അതിന് പോലും നിവൃത്തിയില്ല. മുമ്പ് തട്ട ഒന്നിന് 70 രൂപയായിരുന്നതാണ് ഇപ്പോള്‍ 300 രൂപയായത്. സ്വന്തമായി ആകെ ഉള്ളത് 15 സെന്റും പണി തീരാത്ത വീടുമാണ്. നഴ്സിങിനും ഡിഗ്രിക്കും പത്താം ക്ലാസിലും പഠിക്കുന്ന മൂന്ന് പെണ്മക്കളാണുള്ളത്. രണ്ട് ബാങ്കുകളിൽ നിന്നായി 6.5 ലക്ഷം രൂപ വായ്പയുണ്ട്. മകളുടെ കോളജില്‍ നിന്ന് പിരിവെടുത്ത് നല്‍കിയാണ് ബാങ്ക് ജപ്തിയിൽ നിന്ന് ഒഴിവായത്.
ബാങ്ക് വായ്പക്ക് കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം പലിശ ഉണ്ടായിരുന്നത് ഈ വര്‍ഷം 11.5 ശതമാനമായി വർധിപ്പിച്ചതും ഇരുട്ടടിയായി. മകളെ തുടര്‍ പഠനത്തിനയക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നെടുങ്കണ്ടത്ത് വസ്ത്ര വ്യാപാര ശാലയില്‍ ജോലിക്ക് വിടുകയാണ്. ഇങ്ങനെ ദുരിതക്കയത്തില്‍ തുഴയുന്നതിനിടയിലാണ് കടുത്ത വേനലില്‍ ഉണ്ടായിരുന്ന കൃഷി കൂടി നശിച്ചതെന്നും ഇദ്ദേഹം പറയുന്നു.
ഇവിടെ എല്ലാം കരിഞ്ഞുണങ്ങി
നെടുങ്കണ്ടം: മാവടി കുഴിക്കൊമ്പ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കൃഷി നശിച്ചത്. ഒരു മേഖല പൂർണമായി കരിഞ്ഞുണങ്ങുകയായിരുന്നു.
അടുത്തടുത്തുള്ള 80 ഓളം പേരുടെ ഏക്കര്‍ കണക്കിന് ഏലം കൃഷിയാണ് കച്ചി പോലെയായത്. ഏലത്തിന് പുറമെ കുരുമുളക്, ജാതി, വാഴ, കൊക്കോ, പച്ചക്കറികള്‍ തുടങ്ങി വിവിധയിനം കൃഷികളാണ് ഉണങ്ങിയത്. മേഖല മുഴുവന്‍ കരിഞ്ഞുണങ്ങിയ കൃഷിയിടമാണ്.
ഒരുകാലത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് കൃഷി ഉണ്ടായിരുന്നത് വിവിധകാരണങ്ങളാല്‍ നശിച്ചതോടെയാണ് ഏലം കൃഷിയിലേക്ക് വഴിമാറിയത്. എന്നാല്‍ ഇന്നേവരെ അനുഭവപ്പെടാത്ത ചൂട് ഏലം കൃഷിയെയും തകർത്തു. ഏക വരുമാന മാർഗമായിരുന്ന ഏലം കൃഷിയലും നശിച്ചതോടെ ഇനി എന്തെന്ന് അറിയാതെ കുഴയുകയാണ് കര്‍ഷകര്‍. ഈ പ്രദേശത്തെ മിക്ക കുടുംബങ്ങളും ബാങ്ക് വായ്പ എടുത്താണ് കൃഷിചെയ്തത്. കര്‍ഷകരെ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഇവർ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും.
ഏലം കൃഷി പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ കനിയണം. ജൈവവളം സൗജന്യമായി നല്‍കുക, ബാങ്ക് വായ്പകള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് ഈ മേഖലയിലെ കര്‍ഷകരുടെ ആവശ്യം.
തോട്ടങ്ങൾക്ക് അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം -പി.എൽ.സി
തൊടുപുഴ: സംസ്ഥാനത്തു അതി കഠിനമായ വേനൽചൂടിലും വരൾച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉഷ്ണതരംഗ സമാനമായ ചൂടും വെയിലും കേരളത്തിലെ തോട്ടം മേഖലയിലെ ഉത്പാദനത്തെ ബാധിച്ചിരിക്കുകയാണെന്നും പകുതിയിലധികം തോട്ട വിളകളും കരിഞ്ഞുപോയ നിലയിലാണെന്നും അഡീ. ലേബർ കമ്മിഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ ചേർന്ന യോഗം വിലയിരുത്തി.
ഭീമമായ നഷ്ടമാണ് കർഷകർക്കും തൊഴിലുടമകൾക്കും സംഭവിച്ചത്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം കർഷകർക്ക് ലഭ്യമാക്കാൻ കേന്ദ്ര ഏജൻസികളായ വിവിധ ബോർഡുകൾ തയാറായിട്ടില്ല. പ്രതിസന്ധിയിലായ തോട്ടം മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തിയില്ലെങ്കിൽ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം ദുരിതത്തിലാകും.
കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള സ്പൈസസ് ബോർഡ്, ടി ബോർഡ്, കോഫി ബോർഡ്, റബ്ബർ ബോർഡ് എന്നീ സ്ഥാപനങ്ങൾ മേഖലക്ക് ഉണ്ടായിട്ടുള്ള നഷ്ടം വിലയിരുത്തി അടിയന്തിരമായി നഷ്ടപരിഹാര പാക്കേജ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എം ജി സുരേഷ് കുമാർ, തൊഴിലാളി സംഘടന പ്രതിനിധികളായ വാഴൂർ സോമൻ എം.എൽ.എ (എ.ഐ.ടി.യു.സി), പി.എസ്.രാജൻ, സി.കെ.ഉണ്ണികൃഷ്ണൻ,എസ്.ജയമോഹൻ,പി.വി.സഹദേവൻ, ചെറിയാൻ.പി.എസ്, .കെ.രാജേഷ് (സി.ഐ.ടി.യു ), പി.കെ.മൂർത്തി, ഇളമണ്ണൂർ രവി (എ.ഐ.ടി.യു.സി), എ.കെ.മണി, പി.ജെ.ജോയ്, പി.പി.അലി(ഐ.എൻ.ടി.യു.സി), എൻ.ബി.ശശിധരൻ (ബി.എം.എസ്), ടി.ഹംസ (എസ്.ടി.യു) എന്നിവരും തൊഴിലുടമാ പ്രതിനിധികളായ അജിത് ബി.കെ (സെക്രട്ടറി, എ.പി.കെ), പ്രിൻസ് തോമസ് ജോർജ് (ചെയർമാൻ, എ.പി.കെ), എസ്.ബി.പ്രഭാകർ (പാമ്പാടുംപാറ എസ്റ്റേറ്റ്) എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.