ജീവനക്കാരില്ല; താളംതെറ്റി പൊന്നാനി വില്ലേജ് ഓഫിസ്
text_fieldsപൊന്നാനി: സംസ്ഥാനത്ത് ജനസംഖ്യാനുപാതത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലുള്ള പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ടാകുന്നു. ഒമ്പത് ജീവനക്കാർ വേണ്ടിടത്ത് നാല് പേരാണുള്ളത്.
ഓഫിസിലെ പരിചയസമ്പന്നനായ വില്ലേജ് അസിസ്റ്റന്റ് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഈ ഉദ്യോഗസ്ഥനെ വില്ലേജ് ഓഫിസിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഉത്തരവുണ്ടായിട്ടും ദേശീയപാത വിഭാഗം വിട്ടുനൽകുന്നില്ല. കൂടാതെ, ജനസംഖ്യ കൂടിയ കസബ വില്ലേജ് ഓഫിസായതിനാൽ അനുവദിച്ച ക്ലർക്ക് താലൂക്ക് ഓഫിസിലാണ് സേവനമനുഷ്ഠിക്കുന്നത്.
ഒരു വില്ലേജ് ഓഫിസർ, രണ്ട് വില്ലേജ് അസിസ്റ്റന്റ്, മൂന്ന് വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, ഓഫിസ് അറ്റൻഡർ, പാർട് ടൈം സ്വീപ്പർ എന്നതാണ് ഓഫിസിലെ സ്റ്റാഫ് പാറ്റേൺ. ഇതിൽ മൂന്ന് പേർ വർക്ക് അറേഞ്ച്മെന്റിലാണ് ജോലി ചെയ്യുന്നത്. രണ്ട് വില്ലേജ് അസിസ്റ്റന്റിന്റെയും രണ്ട് ഫീൽഡ് അസിസ്റ്റന്റിന്റെയും കുറവുണ്ട്. അമ്പതിനായിരത്തിലധികം പേരാണ് പൊന്നാനി നഗരം വില്ലേജ് ഓഫിസിന് കീഴിലുള്ളത്. ജനസംഖ്യവർധനയും ജീവനക്കാരുടെ കുറവും മൂലം യഥാസമയം സേവനങ്ങൾ നൽകാനാകാതെ ജീവനക്കാർ കുഴയുകയാണ്.
ദിനംപ്രതി വിവിധ സേവനങ്ങൾക്കായി നൂറുകണക്കിന് ആളുകളാണ് വില്ലേജ് ഓഫിസിനെ ആശ്രയിക്കുന്നത്. നഗരസഭയുടെയും ഫിഷറീസ് വകുപ്പിന്റെയും വിവിധ ആനുകൂല്യങ്ങൾക്കുള്ള വരുമാന സർട്ടിഫിക്കറ്റിന് മാത്രം നിരവധി പേരാണ് ഇവിടെ എത്തുന്നത്. കൂടാതെ കടൽക്ഷോഭമുൾപ്പെടെ പ്രകൃതി ദുരന്തങ്ങൾക്ക് സഹായം ലഭിക്കണമെങ്കിലും വില്ലേജ് ഓഫിസിൽനിന്നുള്ള സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി സ്ഥല പരിശോധന ഉൾപ്പെടെയുള്ളതിനാൽ കുറഞ്ഞ ജീവനക്കാരുമായുള്ള ഓഫിസ് പ്രവർത്തനം ഏറെ ബുദ്ധിമുട്ടിലാണ്. പൊന്നാനി, പുതുപൊന്നാനി, വെള്ളീരി, പള്ളപ്രം ,പുന്നത്തിരുത്തി, കടവനാട് എന്നീ ആറ് ദേശങ്ങളും പൊന്നാനി നഗരം, പുന്നത്തിരുത്തി, കടവനാട് എന്നീ മൂന്ന് അംശവുമാണ് പൊന്നാനി വില്ലേജിന് കീഴിലുള്ളത്. പൊന്നാനി നഗരസഭയിലെ 65 ശതമാനം ജനസംഖ്യയും ഈ വില്ലേജിന് കീഴിലാണ് വരുന്നത്. മുപ്പതിലേറെ വാർഡുകൾ ഉൾപ്പെടുന്നതും പൊന്നാനി വില്ലേജിലാണ്. തീരദേശ മേഖലകൂടി ഉൾപ്പെടുന്ന വില്ലേജിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് വേണ്ട ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.