Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:46 AM IST Updated On
date_range 19 May 2022 5:46 AM ISTവിലയിൽ കുതിച്ച് സ്കൂൾ വിപണി
text_fieldsbookmark_border
എൻ. സിറാജുദ്ദീൻ തലശ്ശേരി: വേനലവധിക്കുശേഷം വിദ്യാലയങ്ങൾ തുറക്കാൻ 12 ദിവസം മാത്രം. കോവിഡ് മഹാമാരി കവർന്ന രണ്ടു വർഷങ്ങൾക്കുശേഷം പൂർണതോതിൽ വിദ്യാലയങ്ങൾ തുറക്കാൻ കാത്തിരിക്കുകയാണ് കുട്ടികൾ. എന്നാൽ, മക്കളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾക്ക് ഇത്തവണ ചെലവേറും. പെട്രോളിയം ഉൽപന്നങ്ങൾക്ക് അടുത്തിടെയുണ്ടായ ക്രമാതീതമായ വിലക്കയറ്റം സ്കൂൾ വിപണിയിലും പ്രതിഫലിച്ചിരിക്കുകയാണ്. സ്കൂൾ കുട്ടികൾക്ക് പഠനത്തിനാവശ്യമായ എല്ലാ ഉൽപന്നങ്ങൾക്കും 20 മുതൽ 30 ശതമാനം വരെ വില കുതിച്ചുയർന്നിട്ടുണ്ട്. നോട്ടുപുസ്തകങ്ങൾ അടക്കം പലതും ആവശ്യത്തിന് കിട്ടാനുമില്ല. പൊള്ളുന്ന വിപണിയിൽ രണ്ടറ്റം മുട്ടിക്കാനാവാതെ രക്ഷിതാക്കൾ വലയുമെന്നാണ് നിലവിലെ വിലക്കയറ്റം സൂചിപ്പിക്കുന്നത്. ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കളെയാണ് സ്കൂൾ വിപണിയിലെ വിലക്കയറ്റം സാരമായി ബാധിക്കുക. വിലക്കയറ്റത്തിന് പുറമെ പഠനോപകരണങ്ങളുടെ ലഭ്യതക്കുറവും സ്കൂൾ വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സാധാരണക്കാരുടെ സാമ്പത്തിക പ്രതിസന്ധികാരണം സ്കൂൾ വിപണിയിലും മാന്ദ്യമുണ്ടെന്നാണ് വ്യാപാരികൾ അഭിപ്രായപ്പെടുന്നത്. പേപ്പർക്ഷാമം പ്രതിസന്ധിയുയർത്തി ഗുണനിലവാരമുള്ള നോട്ടുപുസ്തകങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ വില ഉയർന്നതിന് പിന്നിൽ പേപ്പർ ക്ഷാമം. കോപ്പിയർ പേപ്പറുകൾക്കും 25 ശതമാനം വർധനവുണ്ട്. 500 എണ്ണമുള്ള A/4 കോപ്പിയർ പേപ്പർ ബണ്ടിലിന് നേരത്തെ 200 രൂപയായിരുന്നു. അതിപ്പോൾ 250 രൂപയായി ഉയർന്നു. അടുത്തകാലത്തായുണ്ടായ പേപ്പർ ക്ഷാമമാണ് നോട്ട് പുസ്തക വിപണിയെയും കാര്യമായി ബാധിച്ചത്. മലേഷ്യയിൽനിന്നായിരുന്നു ഇന്ത്യയിലേക്ക് പേപ്പർ ഇറക്കുമതി ചെയ്തിരുന്നത്. അവിടെ നിന്നുള്ള ഇറക്കുമതി നിയന്ത്രിച്ചതോടെയാണ് വിപണിയിൽ പേപ്പർ വിലവർധനവിന് ഇടയാക്കിയതെന്ന് മൊത്തവ്യാപാരികൾ പറയുന്നു. മുമ്പുള്ളതിനേക്കാൾ നാലു രൂപ മുതൽ ആറു രൂപ വരെയാണ് നോട്ടുപുസ്തകങ്ങൾക്ക് വില വർധിച്ചിരിക്കുന്നത്. കഴിഞ്ഞതവണ 45 രൂപക്ക് വിറ്റ കോളജ് നോട്ടുബുക്കിന് ഇത്തവണ 52 രൂപയാണ് വില. മറ്റു പുസ്തകങ്ങളുടെ വിലയും സമാനമായി വർധിച്ചിട്ടുണ്ട്. പുസ്തകങ്ങൾക്ക് പുറമെ പേന, പെൻസിൽ, ഇൻസ്ട്രുമെന്‍റ് ബോക്സ് തുടങ്ങി സകലതിനും വില കൂടിയിട്ടുണ്ട്. അഞ്ചു രൂപയുടെ പേനക്ക് രണ്ടു രൂപ വർധിച്ച് ഏഴു രൂപയിലെത്തി. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് മിനിമം 80 രൂപയാണ് വില. ഭക്ഷണപാത്രത്തിനും ഇൻസ്ട്രുമെന്‍റ് ബോക്സുകൾക്കും 10 രൂപ മുതൽ 20 രൂപവരെ വില ഉയർന്നിട്ടുണ്ട്. ------------- ബാഗും കുടയും പിന്നിലല്ല പുത്തൻ ബാഗ്, കുട, ഷൂസ് തുടങ്ങിയവയും കുട്ടികൾക്ക് അത്യാവശ്യമാണ്. അവയും വിലക്കുറവിൽ പിന്നിലല്ല, 20 ശതമാനം മുതൽ ഇവക്കും വില വർധനവുണ്ട്. വിവിധ കമ്പനികളുടെ സ്കൂൾ ബാഗുകൾക്ക് 450 മുതൽ 900 രൂപ വരെയാണ് വില. മടക്കുള്ള കുടക്ക് 380 രൂപ മുതലാണ് വില. ചെറിയ കുട്ടികൾക്കുള്ള ഫാൻസി കുടകൾക്കും 300 രൂപ കടക്കും. 400 മുതൽ 600 രൂപ വരെയാണ് കുട്ടികളുടെ മഴക്കോട്ടുകൾക്ക് വില. യൂനിഫോം തുണികൾക്കും ഇവ തയ്ക്കാനും പണം വേറെ കാണണം. ചുരുക്കത്തിൽ സ്കൂൾ തുറക്കുന്ന സമയത്ത് രണ്ടു കുട്ടികളെ വിദ്യാലയത്തിലെത്തിക്കണമെങ്കിൽ 10,000 രൂപയോളം രക്ഷിതാവ് കാണേണ്ടതുണ്ട്. കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധി പിന്നിട്ട് മക്കളെ സ്കൂളിലേക്കയക്കാൻ സാധാരണക്കാർ ഏറെ പാടുപെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story