മഴ കുറഞ്ഞു; കണ്ണൂരിൽ 700ഓളം കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി
text_fieldsകണ്ണൂർ: ജില്ലയില്‍ കനത്ത മഴക്ക് നേരിയ ആശ്വാസം. വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിത്താമസിച്ച 2377 കുടുംബങ്ങളില്‍ 700ഓളം കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി.
നിലവില്‍ അഞ്ച് ദുരിതാശ്വാസ ക്യമ്പുകള്‍ മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആറ് കുടുംബങ്ങളില്‍ നിന്നായി 59 പേരാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം ബന്ധുവീടുകളിലേക്ക് മാറിയ 12246 പേരില്‍ 3200ലേറെ പേര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി.
മഴക്കെടുതിയിൽ ആകെ 1083 വീടുകളാണ് ജില്ലയിൽ തകർന്നത്. ഇവയിൽ 23 എണ്ണം പൂർണമായും 1060 എണ്ണം ഭാഗികമായും തകർന്നവയാണ്. കാലവര്‍ഷം ശക്തിപ്പെട്ടതോടെ വൈദ്യുതി മേഖലക്ക് സംഭവിച്ചത് ഭീമമായ നഷ്ടമാണ്.
ജൂണ്‍ മുതല്‍ ഇതുവരെയായി 3.72 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഭവിച്ചിട്ടുണ്ട്. ജൂൺ മുതൽ മഴക്കെടുതിയിൽ ആകെ 12 പേർക്കാണ് ജില്ലയിൽ ജീവഹാനി സംഭവിച്ചത്. നാല് ദിവസത്തോളം തുടർച്ചയായി പെയ്ത മഴയിലും ചുഴലിക്കാറ്റിലും മലയോരത്തടക്കം ജില്ലയിൽ വ്യാപക നാശമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.