മാക്കൂട്ടം ചുരം വഴി യാത്ര ഇന്നു പുനരാരംഭിക്കും; കിളിയന്തറയിൽ കർശന പരിശോധന
text_fieldsഇരിട്ടി: നാലുമാസത്തെ അടച്ചിടലിനു ശേഷം കഴിഞ്ഞ ദിവസം ചരക്കുവാഹനങ്ങൾക്ക് തുറന്നുകൊടുത്ത മാക്കൂട്ടം-ചുരം അന്തർസംസ്ഥാന പാതയിലൂടെ യാത്രാവാഹനങ്ങൾക്കുള്ള നിരോധനം വ്യാഴാഴ്ച നീങ്ങും. കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി കുടക് ജില്ല ഭരണകൂടം മണ്ണിട്ടടച്ച പാത ശനിയാഴ്ച രാത്രിയാണ് തുറന്നത്. എന്നാൽ, ചരക്കുവാഹനങ്ങൾ ഒഴികെ യാത്രാവാഹനങ്ങൾ പ്രവേശിക്കുന്നത് കണ്ണൂർ ജില്ല അധികൃതർ തടഞ്ഞിരുന്നു.
മാക്കൂട്ടം-ചുരം പാത കോവിഡ് ജാഗ്രത പോർട്ടലിൽ ഉൾപ്പെടാത്തതിനാൽ ഇവിടെ യാത്രക്കാരെ പരിശോധിക്കുന്നതിന് സംവിധാനം ഉണ്ടായിരുന്നില്ല. കോവിഡ് ജാഗ്രതാ പോർട്ടൽ പ്രവർത്തന ക്ഷമമാവുകയും അതിർത്തികടന്ന് എത്തുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച മുതൽ യാത്രാവാഹനങ്ങൾക്കും അനുമതി നൽകുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയായിരിക്കും അനുമതി.
രാത്രിയാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്. കുടകിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിന് കിളിയന്തറ ചെക് പോസ്റ്റിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കി. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു വരുന്നവരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മൂന്ന് കൗണ്ടറുകൾ സ്ഥാപിച്ചു. നേരത്തേ ചരക്കു വാഹനങ്ങൾ പരിശോധിക്കാനായി കൂട്ടുപുഴ പുതിയ പാലത്തിന് സമീപത്തായിരുന്നു ആരോഗ്യവകുപ്പിൻെറയും പൊലീസിൻെറയും ചെക് പോസ്റ്റ്.
ഇവിടത്തെ സ്ഥലപരിമിതി കാരണമാണ് യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം കിളിയന്തറയിലേക്ക് മാറ്റിയത്. സംസ്ഥാന അതിർത്തിയിൽ കൂട്ടുപുഴ പാലത്തിനു സമീപം പൊലീസ് പരിശോധിച്ച് ചെക്പോസ്റ്റിൽ വിവരം നൽകും. ഇവിടെ വീണ്ടും പൊലീസ് പരിശോധനക്ക് ശേഷം േഡറ്റ എൻട്രി കൗണ്ടറിലേക്ക് വിടും. അവിടെനിന്നും എൻട്രി ചെയ്യുന്ന വിവിരങ്ങൾ അപ്പപ്പോൾ യാത്രക്കാരുടെ വീടിനു സമീപത്തെ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും ലഭ്യമാകും. േഡറ്റ എൻട്രി ചെയ്ത ശേഷം യാത്രക്കാരെ ആരോഗ്യ വകുപ്പിൻെറ പ്രത്യേക കൗണ്ടറിൽ പരിശോധനക്ക് വിധേയമാക്കും. ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
ആൻറിജൻ ടെസ്റ്റ് ആവശ്യമായി വരുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു. കൂട്ടുപുഴ പാലം കടന്നുവരുന്നവർ പേരട്ട വഴിയും കച്ചേരിക്കടവ് പാലം വഴിയും കടന്നുപോകാതിരിക്കാൻ ഇവിടങ്ങളിൽ പൊലീസിനെ നിർത്തുമെന്നും തഹസിൽദാർ പറഞ്ഞു.
കർണാടക കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു വന്ന ഒൻമ്പതുപേരെ ബുധനാഴ്്ച ചുരം പാത വഴി കേരളത്തിലേക്ക് കടത്തി വിട്ടു. ഇവർ നൽകിയ മേൽവിലാസത്തിൻെറ അടിസ്ഥാനത്തിൽ നാട്ടിൽ ഇവരെ നിരീക്ഷണത്തിൽ നിർത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി റവന്യൂ അധികൃതർ പറഞ്ഞു. യാത്രാവിലക്ക് നീക്കിയത് മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് വലിയ അനുഗ്രഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.