Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:03 AM GMT Updated On
date_range 26 Nov 2021 12:03 AM GMTകർണാടകയുടെ കുടിയിറക്ക് ഭീഷണി; കേരള അതിർത്തിയിൽ ദുരിതംപേറി കുടുംബങ്ങൾ
text_fieldsbookmark_border
ഇരിട്ടി: കേരള അതിർത്തിയിലെ താമസക്കാർക്ക് കർണാടകയുടെ കുടിയിറക്ക് ഭീഷണി. മാക്കൂട്ടത്തെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോടാണ് ഒരു ദിവസത്തിനുള്ളിൽ വീടൊഴിഞ്ഞു പോകാൻ കർണാടക അധികൃതർ ആവശ്യപ്പെട്ടത്. ഇതോടെ 60 വർഷത്തിലധികമായി താമസിച്ചുവരുന്ന കുടുംബങ്ങൾ എങ്ങോട്ട് പോകണമെന്നറിയാതെ നിസ്സംഗതയിലാണ്. ഇത് കേരളത്തിൻെറ സ്ഥലമെല്ലന്നും കർണാടകയുടെ ഭാഗമാണെന്നുമാണ് കർണാടക അധികൃതരുടെ വാദം. ഇതോടെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ള താമസക്കാർ. കേരളത്തിൻെറ ഭൂമിയിൽ താമസിക്കുന്ന തെക്കഞ്ചേരി സിദ്ദീഖ്, ഫാത്തിമ, ജമീല എന്നിവരുടെ കുടുംബങ്ങളോടാണ് വീടുകൾ വിട്ടുപോവാൻ ആവശ്യപ്പെട്ടത്. ഇവിടെത്തന്നെയുള്ള സാജിറിൻെറ കച്ചവട സ്ഥാപനം പൂട്ടാനും ആവശ്യപ്പെട്ടുകഴിഞ്ഞു. കർണാടകത്തിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവിടെയെത്തി താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണ് ഇവർ പറയുന്നത്. വർഷങ്ങൾക്കുമുമ്പ് കർണാടക, കേരളത്തിൻെറ അധീനതയിലുള്ള ഏക്കർകണക്കിന് ഭൂമി കർണാടക അതിർത്തിയിലെ സർവേക്കല്ല് മാറ്റി സ്ഥാപിച്ച് കൈക്കലാക്കിയിരുന്നു. ഇതേത്തുടർന്ന് കേരള-കർണാടക സംയുക്ത സർവേ നടത്തുകയുമുണ്ടായി. എന്നാൽ, ഘട്ടംഘട്ടമായി കർണാടക ആ സ്ഥലങ്ങളെല്ലാം കൈക്കലാക്കുകയായിരുന്നു. കൂട്ടുപുഴ പാലം നിർമാണവുമായി ബന്ധപ്പെട്ട് കർണാടക ഒട്ടേറെ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതൊന്നും ഗൗരവത്തിൽ എടുക്കാത്ത സ്ഥിതിയാണ് കേരളത്തിൻെറ ഭാഗത്തുനിന്നുണ്ടായത്. കേരളത്തിലാണ് ഇവരുടെ വീടെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 വർഷത്തിലധികം താമസിച്ചുവരുന്ന കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിലാണ്. കേരളത്തിൻെറ ഭൂമിക്കായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെടണമെന്ന്, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോമസ് വർഗീസ് ആവശ്യപ്പെട്ടു. ഇവിടെ താമസിക്കുന്ന മിക്ക കുടുംബങ്ങളും കൂലിപ്പണിക്കാരാണ്. എല്ലാ വീടുകൾക്കും പായം ഗ്രാമ പഞ്ചായത്തിൻെറ വീട്ടുനമ്പർ ഉൾപ്പെടെ നമ്പർ പതിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട്, ഭീതിയുടെ നിഴലിലായ ഇവരുടെ വീടിനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story