Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:30 AM IST Updated On
date_range 21 Jan 2022 5:30 AM IST'ജനസമക്ഷം സിൽവർ ലൈൻ': ജനങ്ങളുടെ പിന്തുണയോടെ പൂർത്തിയാക്കും -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsbookmark_border
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി ജനങ്ങളെ അണിനിരത്തി, ജനങ്ങളുടെ പിന്തുണയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനായി സംഘടിപ്പിച്ച വിശദീകരണ യോഗം 'ജനസമക്ഷം സിൽവർ ലൈൻ' കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യകയായിരുന്നു മന്ത്രി. ദേശീയപാത, ഗെയിൽ പൈപ്പ്ലൈൻ, മലയോര ഹൈവേ, കൂടംകുളം പദ്ധതിയിൽനിന്നുള്ള വൈദ്യുതി ലൈൻ, തീരദേശ ഹൈവേ, കിഫ്ബിയിൽനിന്നുള്ള 63,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കിയപ്പോൾ, വിമർശിച്ചവർതന്നെ പിന്നീട് അതിനുവേണ്ടി നിലകൊള്ളുന്നവരായി മാറി. പ്രകൃതി സ്നേഹികൾ ഉൾപ്പെടെ, എതിർക്കുന്നവരെ പറഞ്ഞുമനസ്സിലാക്കിയാൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നതിന്‍റെ തെളിവാണ് തളിപ്പറമ്പിലെ വയൽക്കിളികൾ ഉൾപ്പെടെ അനുകൂലമായത്. ഇപ്പോൾ ഇത് വേണ്ട എന്ന് പറയുന്ന ചിലരോടുള്ള മറുപടി 'ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ്. ജനസാന്ദ്രതയേറിയ കേരളത്തിൽ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ, എതിർപ്പുകൾ, അനുകൂലമായ നിലപാടുകൾ എല്ലാം സമ്മിശ്രമായി ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലാത്തതിനാലാണ് ഡി.പി.ആർ പൊതുജനസമക്ഷം അവതരിപ്പിച്ചത്. സർക്കാറിന് കടുംപിടുത്തമില്ല. ഡി.പി.ആറിൽ പറഞ്ഞതിൽ ഒരുപാട് കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ താൽപര്യമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോവുമെന്നും മന്ത്രി വ്യക്തമാക്കി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ- റെയിൽ എം.ഡി വി. അജിത്കുമാർ പദ്ധതി വിശദീകരിച്ചു. കെ-റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജനറൽ മാനേജർ ജി. അനിൽകുമാർ നന്ദിയും പറഞ്ഞു. ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.വി. സുമേഷ്, എ.എൻ. ഷംസീർ, മുൻ എം.എൽ.എമാരായ പി. ജയരാജൻ, എം.വി. ജയരാജൻ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സമൂഹത്തിന്‍റെ നാനാതുറകളിൽപെട്ടവർ തുടങ്ങിയവർ സംബന്ധിച്ചു. ---------------- (പടം സന്ദീപ് sp 01)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story