Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:06 AM GMT Updated On
date_range 6 May 2022 12:06 AM GMTദേശീയപാത നിർമാണം; വെളളം കയറുമെന്ന ആശങ്കയിൽ ജനങ്ങൾ - ഉന്നതസംഘം സ്ഥലം സന്ദർശിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: ദേശീയപാത ബൈപാസ് നിർമിക്കുന്ന സ്ഥലങ്ങളിലും പുതുതായി സർവിസ് റോഡ് നിർമിച്ചയിടത്തും വെള്ളക്കെട്ട് രൂപപ്പെടുമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉന്നത സംഘം സ്ഥലം സന്ദർശിച്ചു. ദേശീയപാത ഉന്നതതല സംഘം കുപ്പം, കീഴാറ്റൂർ, മാന്ധംകുണ്ട്, ബക്കളം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ബക്കളത്ത് തോട് മണ്ണിട്ട് നികത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സംഘം സന്ദർശനം നടത്തിയത്. ബക്കളം വയലിൽനിന്നും ദേശീയപാത മുറിച്ചുകടന്ന് എ.കെ.ജി സെന്ററിന് സമീപത്തുകൂടി കടന്നുപോകുന്ന തോട് സർവിസ് റോഡ് നിർമിക്കാനായി മണ്ണിട്ട് മൂടിയിരുന്നു. ഇതിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നത്. നിലവിലെ തോട് മണ്ണിട്ടുനികത്തി റോഡ് നിർമിച്ചാൽ മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. ഇത് അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ പാത വിഭാഗത്തിലെ ഉന്നതതല സംഘം ബക്കളം സന്ദർശിച്ചത്. നിലവിൽ നിർമിച്ച സർവിസ് റോഡ് മുറിച്ച് വെള്ളം സുഗമമായി ഒഴുകാൻ അവസരമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. 45 മീറ്റർ വീതിയിലാണ് കീഴാറ്റൂർ വയൽ ഉൾപ്പെടെ എല്ലായിടത്തും മണ്ണിട്ടിട്ടുള്ളത്. ദേശീയ പാതയുടെ പണി പൂർത്തീകരിക്കുന്നതിനുമുമ്പ് തന്നെ മഴക്കാലം വരുന്നതിനാൽ നിലവിൽ മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളിൽ മിക്കയിടത്തും മൂന്നു മീറ്റർ വീതിയിൽ മണ്ണ് മുറിച്ച്നീക്കി നീരൊഴുക്ക് സുഗമമാക്കുമെന്ന് ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയർ ഹർകേഷ് പറഞ്ഞു. ആന്തൂർ, തളിപ്പറമ്പ് നഗരസഭകളിലെ ജനപ്രതിനിധികൾ ലെയ്സൺ ഓഫിസർ കെ.വി. അബ്ദുല്ല, തഹസിൽദാർ പി. സജീവൻ, വില്ലേജ് ഓഫിസർമാർ, കരാർ ഏറ്റെടുത്ത കമ്പനി അധികൃതർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story