സ്കൂൾ ബസ് കട്ടപ്പുറത്ത്; വിദ്യാർഥികൾക്ക് യാത്രദുരിതം
text_fieldsഇരിട്ടി: ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾബസ് കട്ടപ്പുറത്തായതിനെ തുടർന്ന് യാത്രദുരിതം പേറി വിദ്യാർഥികൾ. 2010 -11 കാലയളവിൽ അന്നത്തെ എം.എൽ.എ കെ.കെ. ശൈലജയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസാണ് കാലപ്പഴക്കം കൊണ്ട് സർവിസ് നടത്താതെ കട്ടപ്പുറത്തായത്. മൂന്നര ലക്ഷത്തോളം രൂപ അറ്റകുറ്റപ്പണിക്ക് മാത്രം വേണം. സ്കൂൾ അധികൃതർക്ക് ഇത് നടത്താൻ കഴിയാത്തതാണ് പ്രതിസന്ധി.
ഒന്നുമുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് 110 വർഷത്തെ പാരമ്പര്യവുമായി തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയത്തിൽ ആറളം, മുഴക്കുന്ന്, പായം ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾ ഹൈസ്കൂൾ വിഭാഗം വരെയും ഇരിട്ടി ഉപജില്ലയിലെ മിക്കവാറും പഞ്ചായത്തുകളിലെ വിദ്യാർഥികൾ ഹയർ സെക്കൻഡറിയിലും പഠനം തുടരുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം വിജയം നേടിയിട്ടുള്ള ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ പ്ലസ്ടുവിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കിയിരുന്നു.
ചെടിക്കുളം, ആറളം, വിളക്കോട്, ഹാജി റോഡ്, ചെക്കിയാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി എട്ടുകിലോ മീറ്ററോളം ദൂരം യാത്ര ചെയ്ത് സ്കൂളിലെത്തുന്ന കുട്ടികൾ വരെ ഇവിടെയുണ്ട്. ഈ റൂട്ടിലൂടെ സർവിസ് നടത്തുന്ന ആകെയുള്ള ബസ് സ്കൂൾ സമയത്ത് ഇല്ലാത്തതിനാലും സ്കൂൾ ബസ് കട്ടപ്പുറത്തായതുമാണ് വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള യാത്ര ദുരിതമാക്കുന്നത്. ദിവസേന നൂറു രൂപയോളം ചെലവഴിച്ച് ഓട്ടോറിക്ഷയിലാണ് കുട്ടികൾ ഇപ്പോൾ സ്കൂളിൽ എത്തിച്ചേരുന്നത്. ബഹുഭൂരിപക്ഷം രക്ഷിതാക്കൾക്കും ഇത് താങ്ങാനാവാത്തതാണ്. ഈ സാഹചര്യത്തിൽ 24ഓളം വിദ്യാർഥികൾ ടി.സി. വാങ്ങി മറ്റു സ്കൂളുകളിൽ പ്രവേശനം നേടി. മറ്റുകുട്ടികളും ടി.സി. വാങ്ങാനുള്ള തയാറെടുപ്പിലാണ്. പ്രതിസന്ധി മറികടക്കാൻ സ്കൂളിന് പുതിയ ബസ് അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പി.ടി.എ പ്രസിഡൻറായ പി. ഷൈൻ ബാബുവും മുൻ പി.ടി.എ പ്രസിഡൻറായ പി. രവീന്ദ്രനും പറഞ്ഞു. ഇതിനായി എം.പി.മാരുടെയും എം.എൽ.എയുടെയും ജില്ല പഞ്ചായത്തിെൻറയും സഹായത്തിനായുള്ള ശ്രമം പി.ടി.എയുടെ ഭാഗത്തുനിന്ന് തുടരുമെന്നും ഇവർ അറിയിച്ചു. അതോടെപ്പം സ്കൂൾ സമയത്ത് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കുന്നതിനുള്ള ശ്രമത്തിലുമാണ് സ്കൂൾ അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.