പി.എ.സി.എൽ സെബി ഏറ്റെടുത്തിട്ട് 10 വർഷം തുക തിരിച്ചുകിട്ടാതെ നിക്ഷേപകർ
text_fieldsകണ്ണൂർ: പേൾസ് അഗ്രോ ടെക് കോർപറേഷനെ സെബി ഏറ്റെടുത്തിട്ട് വ്യാഴാഴ്ച 10 വർഷം തികയുന്നു. എന്നിട്ടും നിക്ഷേപം തിരിച്ചു കിട്ടാതെ ആയിരങ്ങളാണ് വലയുന്നത്. കമ്പനിയിൽ 5.80 കോടി നിക്ഷേപകരാണ് ഉണ്ടായിരുന്നത്. 53 ലക്ഷത്തിലധികം ഫീൽഡ് ജീവനക്കാരിലൂടെയാണ് ഇവരിൽനിന്ന് കോടികൾ ശേഖരിച്ചിരുന്നത്. 300ലധികം കസ്റ്റമർ സർവിസ് സെന്ററുകളും നിലവിലുണ്ടായിരുന്നു. കേന്ദ്ര സർക്കാറിന്റെ ഖജനാവിലേക്ക് അടക്കേണ്ട നികുതികളും തീരുവകളും കൃത്യമായി അടക്കുകയും കാലാവധി എത്തിയ നിക്ഷേപങ്ങൾക്ക് ലാഭവിഹിതത്തോടുകൂടി നിക്ഷേപകർക്ക് പരാതിരഹിതമായി തിരിച്ചുനൽകുകയും ചെയ്തുകൊണ്ടിരുന്ന സ്ഥാപനമാണ് 2014 ആഗസ്റ്റ് 22ന് സെബി ഏറ്റെടുത്തത്.
നിക്ഷേപകരുടെ പണം ആറുമാസത്തിനകം തിരികെ നൽകണമെന്ന് പി.എ.സി.എൽ ആസ്തികൾ കൈവശം വെച്ചുകൊണ്ടിരുന്ന സെബിയോട് 2016 ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവ് വേഗത്തിൽ പൂർത്തിയാക്കാൻ സെബിയുടെ രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആർ.എം. ലോധ തലവനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
പി.എ.സി.എൽ കമ്പനിയുടെ ആസ്തികളുടെ മൂല്യം രണ്ടരലക്ഷം കോടി രൂപയിലേറെ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എല്ലാ നിക്ഷേപകർക്കുംകൂടി നൽകാനുള്ള ബാധ്യത ഏതാണ്ട് 49,000 കോടി രൂപയോളം മാത്രമാണ്. ഇത്രയും വലിയ സമ്പത്തുണ്ടായിട്ടും നീണ്ടവർഷമായി നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ ഫലപ്രദമായ ഇടപെടൽ സെബിയുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതാണ് നിക്ഷേപകരെ കണ്ണീരിലാക്കുന്നത്. ദേശീയ മനുഷ്യാവകാശ കമീഷൻ നൽകിയ നിർദേശവും അവഗണിക്കുകയാണ് സെബി ചെയ്തത്.
കസ്റ്റമർ സർവിസ് സെന്ററുകളിലൂടെ കമ്പ്യൂട്ടർ വഴിയാണ് ഈ സ്ഥാപനം എല്ലാ പണമിടപാടുകളും നടത്തിയിരുന്നത്. ഈ ഇടപാടുകളുടെ ഡേറ്റയുടെ ഹാർഡ് ഡിസ്ക് സെബിയുടെ കസ്റ്റഡിയിലുണ്ട്. ഓരോ കസ്റ്റമർ സെന്ററുകളുടെയും ഡേറ്റ അടിസ്ഥാനമാക്കി നിക്ഷേപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും റീഫണ്ടിനുള്ള അപേക്ഷകൾ സ്വീകരിച്ച് നിക്ഷേപങ്ങൾ തിരിച്ചുനൽകുകയും ചെയ്യണമെന്ന നിർദേശവും സെബി നിരാകരിച്ചിരിക്കുകയാണ്. ഒരു വ്യാഴവട്ടക്കാലത്തിനിടെ നിരക്ഷരരായ കർഷകരുടെയും മറ്റു സാധാരണക്കാരുടെയും രജിസ്ട്രേഷൻ ബോണ്ട്, പണമടച്ച റസീപ്റ്റുകൾ, എക്നോളജ്മെന്റ് സ്ലിപ്പുകൾ, കമ്പനി നൽകിയ ബാങ്ക് ചെക്കുകൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ നിരവധി പേർക്ക് ഇതിനകം നഷ്ടപ്പെട്ട സ്ഥിതിയുണ്ട്.
2500 രൂപ മുതൽ 10,000 രൂപവരെയുള്ള നിക്ഷേപകരുടെ റീഫണ്ടിനുള്ള അപേക്ഷകൾ കൈകാര്യം ചെയ്തുവെന്നാണ് സെബി വ്യക്തമാക്കുന്നത്. റീഫണ്ടിനായി സെബി മുന്നോട്ടുവെച്ച അനാവശ്യവും അന്യായവുമായ നിബന്ധനകളാണ് ഒട്ടനവധി നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചുകിട്ടാത്തതിന് ഇടയാക്കിയത്. മാത്രവുമല്ല, അപേക്ഷ സമർപ്പിക്കേണ്ട സെബിയുടെ വെബ്സൈറ്റ് മിക്ക സമയവും പ്രവർത്തനരഹിതവുമാണെന്ന പരാതിയാണ് നിക്ഷേപകർക്കുള്ളത്. നിക്ഷേപകരിൽ ചെറുകിട നിക്ഷേപകരായ (19,000 രൂപവരെയുള്ള) 1.54 കോടി നിക്ഷേപകർക്കു മാത്രമേ ഈ നീണ്ട 10 വർഷത്തിനിടയിൽ ഭാഗികമായിട്ടുപോലും നിക്ഷേപം തിരിച്ചുനൽകിയിട്ടുള്ളൂവെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് വഞ്ചനദിനമായി ആചരിക്കും
കണ്ണൂർ: പേൾസ് അഗ്രോ ടെക് കോർപറേഷൻ ലിമിറ്റഡിൽ (പ.എ.സി.എൽ) നിക്ഷേപം നടത്തിയവരുടെ ബാധ്യത തീർത്തുതരണമെന്ന് നിക്ഷേപകരുടെ കൂട്ടായ്മ കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.എ.സി.എല്ലിന്റെ പ്രവർത്തനത്തിന് സെബി നിരോധനം ഏർപ്പെടുത്തി 10 വർഷം തികയുന്ന വ്യാഴാഴ്ച വഞ്ചനദിനമായി ആചരിക്കുമെന്നും പി.എ.സി.എൽ ഫീൽഡ് ജീവനക്കാരുടെ സംഘടനയായ പി.എ.സി.എൽ ഫീൽഡ് അസോസിയേറ്റ്സ് യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
വഞ്ചനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തുമെന്നും സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. അശോകൻ പറഞ്ഞു. രാവിലെ 10ന് സ്റ്റേഡിയം പരിസരത്ത് കേന്ദ്രീകരിച്ച് മാർച്ച് ആരംഭിക്കും. തുടർന്ന് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരത്ത് നടക്കുന്ന ധർണ കെ. അശോകൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ആർ.ഇ. രാധാകൃഷ്ണൻ, രാമദാസൻ, പി. രാഘവൻ, കുട്ടികൃഷ്ണൻ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.