വി.എസിെന്റ നൂറാം ജന്മദിനം; നീലേശ്വരം ഒാട്ടോ സ്റ്റാൻഡിലും ആഘോഷം
text_fieldsനീലേശ്വരം: മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ സി.പി.എം നേതൃത്വം നടപടി എടുത്തപ്പോഴും നിയമസഭ സീറ്റ് നിഷേധിച്ചപ്പോഴും സംസ്ഥാനത്തുതന്നെ ആദ്യമായി തെരുവിലിറങ്ങി പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ച് ചെങ്കൊടിയേന്തി പ്രകടനം നടത്തിയ നീലേശ്വരത്ത് വി.എസിെന്റ നൂറാം പിറന്നാൾ ആഘോഷിക്കുന്നു. നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തെ ഡ്രൈവർമാർ വി.എസിെന്റ പേരിൽ തന്നെ ഒരു ഓട്ടോസ്റ്റാൻഡ് രൂപവത്കരിച്ച് അന്ന് സ്നേഹം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ആദ്യമായി വി.എസ് ഓട്ടോസ്റ്റാൻഡ് നീലേശ്വരത്ത് പ്രവർത്തനം തുടങ്ങിയത് പാർട്ടി നേതൃത്വത്തിന് തലവേദനയായി. വി.എസിെന്റ ഫോട്ടോ സ്ഥാപിച്ച് പേരെഴുതിയ വലിയ ബോർഡുംവെച്ചാണ് ഓട്ടോ തൊഴിലാളികൾ വി.എസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. നീലേശ്വരത്തെ ചില നേതാക്കൾ രഹസ്യമായി വി.എസ് അനുകൂലികൾക്ക് പിന്തുണ നൽകുകയും ചെയ്തപ്പോൾ പ്രവർത്തനം ശക്തമായി.
വർഷങ്ങളോളം വി.എസ് ഓട്ടോസ്റ്റാൻഡ് പ്രവർത്തിക്കുകയും കടുത്ത വിഭാഗീയത രൂപപ്പെടുകയും ചെയ്തപ്പോൾ പ്രവർത്തകർക്കെതിരെ സി.ഐ.ടി.യു നേതൃത്വം അച്ചടക്കവാളോങ്ങി. ഇതിന് നേതൃത്വം കൊടുത്ത പത്തോളം ഓട്ടോ ഡ്രൈവർമാരെ സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ നീലേശ്വരം ഏരിയ കമ്മിറ്റിയിൽനിന്ന് പുറത്താക്കി പകരം വീട്ടി.
പിന്നീട് വി.എസിെന്റ ഫ്ലക്സ് ബോർഡ് മാറ്റാനും പാർട്ടി നേതൃത്വംതന്നെ ആവശ്യപ്പെട്ടു. ബോർഡ് സ്ഥാപിച്ച മാവ് പിന്നീട് ഉണക്കി ദ്രവിപ്പിച്ച് നശിക്കുന്ന സ്ഥിതിയുംവന്നു. വി.എസിെന്റ പൂർണകായ ചിത്രമാണ് മാവിന് മുമ്പിൽ സ്ഥാപിച്ചത്.
വീണ്ടും വി.എസിെന്റ പേരിൽ പാർട്ടി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നപേരിൽ സംഘടിച്ചെത്തിയ പാർട്ടി നേതാക്കളും പ്രവർത്തകരും ബോർഡ് നീക്കം ചെയ്തു. വീണ്ടും ബോർഡ് സ്ഥാപിച്ച് ഒന്നൂകൂടി പ്രതിരോധം തീർത്ത് ചെറുത്തുനിൽക്കാനുള്ള വി.എസ് അനുകൂലികളുടെ ശ്രമം ഇതോടെ പരാജയപ്പെട്ടു. വി.എസ് അനാരോഗ്യം മൂലം രാഷ്ടീയ പ്രവർത്തനത്തിൻ നിന്ന് മാറിനിന്നതോടെ ഇവിടത്തെ പ്രവർത്തകരും ക്രമേണ പിൻവാങ്ങി. ഇപ്പോഴും ചില അണികൾ ഉണ്ടെങ്കിലും ബോർഡില്ലാത്ത വി.എസ് ഓട്ടോസ്റ്റാൻഡായി മാറി ഇത്.
10വർഷത്തിന് ശേഷമാണ് വീണ്ടും നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ ഡ്രൈവർമാർ വി.എസിെന്റ പിറന്നാൾ ആഘോഷിക്കുന്നത്. നൂറാംപിറന്നാളായ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പായസം വിതരണം ചെയ്താണ് ആഘോഷം കെങ്കേമമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.