അഴീക്കോടെ വിദ്യാലയങ്ങള്‍ക്ക് മികവിന്റെ അഴകേകാന്‍ 10.5 കോടിയുടെ പദ്ധതികള്‍
text_fieldsഅഴീക്കോട്: അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് മികവിന്റെ അഴകേകാന്‍10.5 കോടി രൂപയുടെ പദ്ധതികള്‍. ‘മഴവില്ല്’ സമഗ്ര വിദ്യാഭ്യാസ പരിപാടിയിലൂടെയാണ് അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുക.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 72 സ്കൂളുകളാണ് മണ്ഡലത്തിലുള്ളത്. 10.5 കോടി രൂപ ചെലവിൽ ഇതിന്റെ ഭൗതികവും അക്കാദമികവും സാമൂഹികവുമായ വികസനമാണ് ലക്ഷ്യം. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും. വിദ്യാഭ്യാസം, വിദ്യാലയം, പൊതുസമൂഹം, പാഠ്യപദ്ധതി എന്നിവയോട് പ്രതിബദ്ധതയുള്ള വിദ്യാലയ സമൂഹത്തെ സൃഷ്ടിക്കും.
ഫലപ്രദവും പ്രായോഗികവുമായ അനുഭവങ്ങള്‍ക്കായി ലൈബ്രറികളും ലബോറട്ടറികളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കും ലഹരിയും തുടച്ചുനീക്കും. വിദ്യാലയങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കുകയും മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ടാക്കുകയും ചെയ്യും.
കലാകായിക മേളയില്‍ മികവ് തെളിയിക്കാനുഉള്ള പരിശീലനം നല്‍കും. വിദ്യാലയ പരിസരം പൂർണമായി പരിസ്ഥിതി സൗഹൃദമാക്കുകയും കുട്ടികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുകയും ചെയ്യും. ഭിന്നശേഷി കുട്ടികളുടെ തൊഴില്‍പരമായ നൈപുണി വളര്‍ത്തിയെടുക്കും.
സര്‍ക്കാര്‍, എം.എല്‍.എ, എല്‍.എസ്.ജി, പി.ടി.എ, സ്പോണ്‍സര്‍ഷിപ്, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൂർവ വിദ്യാര്‍ഥികള്‍ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുക. മണ്ഡല തലത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സമിതി, പഞ്ചായത്ത് തലത്തില്‍ ഉപസമിതി, സബ്ജില്ലതല വിദ്യാഭ്യാസ സമിതി, വിദ്യാലയങ്ങളിലെ വിദ്യാഭ്യാസ വികസന സമിതി എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.