ജില്ലയിൽ പിടികൂടിയത് 107 മയക്കുമരുന്ന് കേസുകൾ; കുറയാതെ ലഹരി വിൽപനയും ഉപയോഗവും
text_fieldsശ്രീകണ്ഠപുരം: എക്സൈസ് പരിശോധന കർശനമായി തുടരുമ്പോഴും ജില്ലയിൽ മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിനും കുറവില്ല. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനോടകം പിടികൂടിയിട്ടുള്ളത്. പൊലീസ് കഴിഞ്ഞവർഷം നടപടി കടുപ്പിച്ചപ്പോൾ ഫലമുണ്ടായെങ്കിലും നിലവിൽ മറ്റു കേസ് തിരക്കുകൾ കാരണം അവർ ലഹരിവേട്ട കർശനമാക്കുന്നില്ല. എക്സൈസ് സംഘം പതിവായി ഇത്തരം കേസുകൾ പിടികൂടുന്നുമുണ്ട്. ജില്ലയിൽ ജനുവരി മുതൽ മാർച്ച് വരെ കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെ 107 മയക്കുമരുന്ന് കേസുകൾ പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 108 പേർ അറസ്റ്റിലായി. 9.600 കി.ഗ്രാം കഞ്ചാവ്, 190 ഗ്രാം എം.ഡി.എം.എ, 400 ഗ്രാം മെത്താഫിറ്റമിൻ, മൂന്നു കഞ്ചാവ് ചെടികൾ, മുന്ന് ഗ്രാം ഹെറോയിൻ എന്നിവയാണ് മൂന്നു മാസത്തിനുള്ളിൽ പിടികൂടിയിട്ടുള്ളത്.
അബ്കാരി കേസുകൾ ദിനംപ്രതി പിടികൂടിയവ വേറെയും. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കർശന പരിശോധന തുടരുമ്പോഴും ലഹരി ഒഴുക്കിന് കുറവില്ലെന്നത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണ മൂന്നു മാസം കൊണ്ടുണ്ടായ കേസുകൾ തന്നെ മയക്കുമരുന്ന് വിൽപന വർധിച്ചുവെന്നതിന്റെ തെളിവാണ് നൽകുന്നത്. 2015നു ശേഷം മയക്കുമരുന്നു കേസുകൾ കുത്തനെ ഉയർന്നതായാണ് വിവരം. 2021ലാണ് കൂടുതൽ കേസുകൾ ഉണ്ടായത്. 2177 കേസുകളാണ് ജില്ലയിൽ എക്സൈസ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 383 മയക്കുമരുന്നു കേസുകളും 1794 അബ്കാരി കേസുകളുമാണുള്ളത്. യുവാക്കളും മധ്യവയസ്കരുമാണ് വാഹനങ്ങളും വിവിധയിനം ലഹരി വസ്തുക്കളുമായി പിടിയിലായിട്ടുള്ളത്.
കേസുകൾ ഇങ്ങനെ
കഞ്ചാവ് -291.89 കി.ഗ്രാം, കഞ്ചാവ് ചെടി - 87 എണ്ണം, ഹഷീഷ് ഓയിൽ - 459.37 ഗ്രാം, എൽ.എസ്.ഡി സ്റ്റാംപ് - 697 മില്ലിഗ്രാം, എം.ഡി.എം.എ - 162.27 ഗ്രാം, ആംഫെറ്റമിൻ - 138.09 ഗ്രാം, ട്രമഡോൾ- 137.02 ഗ്രാം, മറ്റ് വിവിധയിനം ഗുളികൾ - 3.05 ഗ്രാം എന്നിങ്ങനെയാണ് മയക്കുമരുന്നുകളായി പിടികൂടിയത്. 29 എം.ഡി.എം.എ കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിതിരുന്നു. അബ്കാരി കേസിൽ റാക്ക് -1216.05 ലിറ്റർ, കേരള നിർമിത വിദേശമദ്യം -4861.05 ലിറ്റർ, മാഹി മദ്യം - 5131.03 ലിറ്റർ, ബിയർ - 177.45 ലിറ്റർ, വാഷ് - 82027 ലിറ്റർ, കള്ള് - 376.08 ലിറ്റർ എന്നിങ്ങനെയും പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നും മദ്യവും കടത്തിയതിന് 112 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
വില കൂടിയ കാറുകളും ബൈക്കുകളും ഇതിൽ ഉൾപ്പെടും. 2022ൽ കേസിൽ കുറവുണ്ടായെങ്കിലും 2023ൽ ലഹരിയുടെ ഒഴുക്ക് കൂടിവരുന്ന സ്ഥിതിയാണ്. ഉൾഗ്രാമങ്ങളിലടക്കം വ്യാജചാരായ നിർമാണവും വിൽപനയും തകൃതിയാണ്. കൂടാതെ അന്യസംസ്ഥാന മദ്യവും ഇവിടുത്തെ സർക്കാർ മദ്യവും കരിഞ്ചന്തയിൽ വിൽക്കുന്നത് വ്യാപകമാണ്. സർക്കാർ മദ്യശാല ഇല്ലാത്ത പ്രദേശങ്ങളിലാണ് ഇത്തരക്കാരുടെ വിളയാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.