കണ്ണൂരിൽ നിക്ഷേപം തിരികെ നൽകാത്ത 11 സഹകരണ സംഘങ്ങൾ
text_fieldsകണ്ണൂർ: ജില്ലയിൽ നിക്ഷേപം തിരികെ നൽകാത്ത സഹകരണ സംഘങ്ങളുടെ എണ്ണം 11. സംസ്ഥാനത്ത് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ 272 സഹകരണ സ്ഥാപനങ്ങളിൽ 23 എണ്ണവും കണ്ണൂരിലാണ്. യു.ഡി.എഫ് ഭരിക്കുന്ന 19ഉം എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള നാലും സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നതായാണ് സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അതേസമയം, നിക്ഷേപം തിരികെ നൽകാത്ത സഹകരണ സംഘങ്ങളെക്കുറിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കണ്ണൂർ ജില്ലയിൽ 11 സ്ഥാപനങ്ങളുള്ളതായാണ് സഹകരണ മന്ത്രി വി.എൻ. വാസവൻ മറുപടി നൽകിയത്.
പൂളക്കുറ്റി സർവിസ് സഹകര ബാങ്ക്, പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി, തൊണ്ടിയിൽ വനിത സഹകരണ സംഘം, ഉളിക്കൽ പഞ്ചായത്ത് ഇന്ദിര പ്രിയദർശനി വനിത സഹകരണ സംഘം, തലശ്ശേരി താലൂക്ക് റബർ ആൻഡ് മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി, മട്ടന്നൂർ അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോഓപറേറ്റിവ് സൊസൈറ്റി.
ചെറുകുന്ന് കണപുരം വനിത സഹകരണ സംഘം, മുഴപ്പിലങ്ങാട് പബ്ലിക് വെൽഫയർ സഹകരണ സംഘം, കുറുമാത്തൂർ അഗ്രികൾച്ചറൽ വെൽഫയർ സഹകരണ സംഘം, കരിവെള്ളൂർ സോഷ്യൽ വർക്കേഴ്സ് വെൽഫെയർ സഹകരണ സംഘം, കണ്ണൂർ ജില്ല ഓട്ടോമൊബൈൽ ആൻഡ് ജനറൽ എൻജിനീയറിങ് വർക്കേഴ്സ് വെൽഫയർ സഹകരണ സംഘം എന്നിവയാണ് നിക്ഷേപം തിരികെ നൽകാത്ത പട്ടികയിലുള്ളത്.
ഇവക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി സ്കീം പ്രകോരം ലിക്വിഡേഷൻ ചെയ്യപ്പെട്ട സംഘങ്ങളിലെ ലിക്വിഡേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് രണ്ടു ലക്ഷം രൂപ വരെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത് പരമാവധി അഞ്ചു ലക്ഷം രൂപയായി ഉയർത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.