കണ്ണൂരിൽ പുതുതായി 14,545 വോട്ടര്‍മാർ കൂടി; ലോക്സഭ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ സജ്ജമായി –കലക്ടര്‍
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ സജ്ജമായതായി ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 20,54,158 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 9,70,607 പുരുഷന്മാരും 10,83,542 സ്ത്രീകളുള്പ്പെടും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് മാര്‍ച്ച് 25വരെ അവസരമുണ്ട്. ജനുവരി 22നു ശേഷം പുതുതായി 14,545 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി വോട്ടര്‍മാരുടെ എണ്ണം 20,68,703 ആയെന്നും കലക്ടര്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാലുവരെ നോമിനേഷന് സമര്‍പ്പിക്കാം. ഏപ്രില്‍ എട്ടുവരെ നോമിനേഷന് പിന്‍വലിക്കാനും അവസരമുണ്ടാകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മാതൃകപെരുമാറ്റച്ചട്ടം നിലവിലുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, ചെലവുകണക്കുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ജില്ലയില്‍ 66 സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയോജക മണ്ഡലങ്ങളിലും കാസര്‍കോട്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന രണ്ടു വീതം നിയോജക മണ്ഡലങ്ങളിലുമായി 1861 പോളിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്.
കൂടാതെ പുതിയ ഏഴ് ഓക്സിലറി പോളിങ് സ്റ്റേഷനുകളുടെ ശിപാര്‍ശയും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തളിപ്പറമ്പ് (രണ്ട്), ധര്‍മടം (രണ്ട്), മട്ടന്നൂര്‍ (രണ്ട്), പയ്യന്നൂര്‍ (ഒന്ന്) നിയോജക മണ്ഡലങ്ങളിലേക്കാണ് പുതുതായി ഓക്സിലറി പോളിങ് സ്റ്റേഷനുകള്‍ക്ക് ശുപാര്‍ശ നല്‍കിയത്. ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ട്രോങ് റൂമിനും കൗണ്ടിങ് സെന്ററിനുമായി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തിരഞ്ഞെടുത്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലടക്കമുള്ള വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ സംബന്ധിച്ച പരാതികള്‍ grtknr.election@kerala.gov.in എന്ന ഇ -മെയില്‍ വിലാസത്തില്‍ പരാതിപ്പെടാനാകും. 85 വയസ്സുകഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരമാവധി നേരിട്ടെത്തി തന്നെ വോട്ടവകാശം വിനിയോഗിക്കണമെന്നും വോട്ട് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇത്തവണവയും തെരഞ്ഞെടുപ്പ് നടത്തുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹരിത പെരുമാറ്റച്ചട്ടം പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
തെരഞ്ഞെടുപ്പ് കാലത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു. കരുതല്‍ നടപടിയുടെ ഭാഗമായി കാപ്പയുൾപ്പെടെയുള്ള ശക്തമായ വകുപ്പുകള്‍ ഉപയോഗിക്കും. ഇതിനു മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും കമീഷണര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൊലീസ് നടത്തുന്നുണ്ടെന്ന് റൂറല്‍ എസ്.പി എം. ഹേമലത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.