16കാരൻ ബൈക്കിൽ കറങ്ങി; 34,000 രൂപ പിഴയിട്ട് പൊലീസ്
text_fieldsതലശ്ശേരി: അയൽക്കാരന്റെ ബൈക്കെടുത്ത് കൂട്ടുകാരനെയുംകൊണ്ട് കറങ്ങിയ 16കാരനെ പൊലീസ് പൊക്കി. ന്യൂ മാഹി പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് 34,000 രൂപ പിഴയിട്ടു. പാറാൽ ചെമ്പ്ര റോഡിൽനിന്നാണ് ന്യൂ മാഹി പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തും പാർട്ടിയും പതിനാറുകാരനെ പിടികൂടിയത്.
മാക്കൂട്ടം പുന്നോലിലെ ഹസീനാസിൽ മുഹമ്മദ് റിയാസിന്റെ ബൈക്കിലാണ് പതിനാറുകാരൻ കറങ്ങിയത്. രണ്ട് വർഷമായി ബൈക്കിന്റെ ഇൻഷുറൻസ് പുതുക്കിയിരുന്നില്ല. ബൈക്കിന് പൊല്യൂഷൻ സർട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല. പ്രായപൂർത്തിയാവാത്ത നിരവധി കുട്ടികൾ ബൈക്കിൽ കറങ്ങുന്നതായി വ്യാപക പരാതിയുയർന്ന സാഹചര്യത്തിലാണ് ന്യൂ മാഹി പൊലീസ് പരിശോധനക്കിറങ്ങിയത്. നിയമം പൂർണമായി ലംഘിച്ച് വളരെ അപകടകരമായാണ് കുട്ടികൾ ബൈക്കുകളിൽ കറങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു.
പരിശോധനക്കിടയിലാണ്, കൂട്ടുകാരനുമായി ബൈക്കിൽ കറങ്ങുന്ന 16കാരനെ കൈയോടെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്, അയൽക്കാരനായ കൂട്ടുകാരന്റെ പിതാവിന്റേതാണ് ബൈക്കെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് ആർ.സി ഉടമയായ മുഹമ്മദ് റിയാസിന്, കുട്ടിക്ക് ബൈക്ക് വിട്ടുനൽകിയതിന് 25,000 രൂപ പിഴയിട്ടു.
2020 മുതൽ ബൈക്കിന്റെ ഇൻഷുറൻസ് പുതുക്കാത്തതിനും പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലാത്തതിനും 4,000 രൂപ വേറെയും പിഴ ചുമത്തി. ലൈസൻസില്ലാതെ പൊതുറോഡിലൂടെ വാഹനമോടിച്ച വിദ്യാർഥിക്ക് 5,000 രൂപ പിഴയിട്ടു. പിഴസംഖ്യ കോടതിയിൽ കെട്ടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.