റെയിൽവേക്ക് 1.71 കോടി രൂപ കൂടി കൈമാറി: മേൽപാല നിർമാണം വേഗത്തിലാവും
text_fieldsകണ്ണൂർ: ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലം നിർമാണം വേഗത്തിലാക്കാനുള്ള നടപടി പുരോഗമിക്കുന്നു. എസ്റ്റിമേറ്റിൽ മാറ്റം വന്നതിനെ തുടർന്ന് സംസ്ഥാന സർക്കാർ റെയിൽവേക്ക് നൽകേണ്ടിയിരുന്ന 1.71 കോടി രൂപ കൈമാറി.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് റെയിൽവേ മേൽപാലത്തിനായി ബജറ്റിൽ 5.32 കോടി രൂപ അനുവദിച്ച് റെയിൽവേക്ക് കൈമാറിയിരുന്നു. എസ്റ്റിമേറ്റിൽ തിരുത്തൽ വരുത്തിയ ഇനത്തിലാണ് കൂടുതൽ തുക റെയിൽവേ ആവശ്യപ്പെട്ടത്. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മേൽപാലം നിർമിക്കുമ്പോൾ 25 ശതമാനം കുറച്ചാണ് എസ്റ്റിമേറ്റ് തയാറാക്കുക.
ബജറ്റിൽ വകയിരുത്തിയ തുക എം.എൽ.എ ഫണ്ടാണെന്ന് തെറ്റിദ്ധരിച്ച് റെയിൽവേ നിശ്ചിത ശതമാനം കുറച്ച് നൽകിയ എസ്റ്റിമേറ്റാണ് ഇപ്പോൾ തിരുത്തിയത്. ഇതുപ്രകാരം 1.71 കോടി രൂപ കൂടി സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. തുക മുഴുവൻ കൈമാറിയ സാഹചര്യത്തിൽ ഒരുമാസത്തിനകം ടെൻഡർ നടപടികൾ സ്വീകരിക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ ബജറ്റിൽ സർക്കാർ തുക അനുവദിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ വിശദമായ പഠനത്തിനുശേഷം നൽകിയ എസ്റ്റിമേറ്റ് പ്രകാരം 2021ൽ ഭരണാനുമതിയും ലഭിച്ചു. ചാലക്കുന്ന് ബസ് സ്റ്റോപ്പിന് പിറകിലായി ആറുമീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുക.
റെയിൽവേ സ്ഥലത്തുകൂടി രണ്ട് അപ്രോച്ച് റോഡും നിർമിക്കും. അത് ഉൾപ്പെടെയാണ് തുക അനുവദിച്ചത്. കണ്ണൂർ കോർപറേഷനിലെ ചാലക്കുന്നിനെയും തോട്ടടയെയും പരിസര പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപ്പാലം ഒരുങ്ങുന്നതോടെ ഗതാഗതം സുഗമമാകും.
തോട്ടട ഐ.ടി.ഐ, പോളിടെക്നിക്, എസ്.എൻ കോളജ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാഹന ഷോറൂമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന തോട്ടടയിലേക്ക് ചാല ബൈപാസിൽനിന്നും നേരിട്ട് എത്താൻ സാധിക്കും. കൂത്തുപറമ്പ്, കാടാച്ചിറ, മമ്പറം, പെരളശ്ശേരി, ചാല, അഞ്ചരക്കണ്ടി, ചക്കരക്കൽ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ചാലക്കുന്നിൽ ബസിറങ്ങി റെയിൽപാളം തോട്ടട ഭാഗത്തേക്ക് കടന്നുപോകുന്നത്.
അല്ലെങ്കിൽ താഴെ ചൊവ്വയിൽ ബസിറങ്ങി വീണ്ടും തോട്ടട വഴി പോകുന്ന തലശ്ശേരി ബസിൽ കയറി വേണം ഈ ഭാഗങ്ങളിലെത്താൻ. മേൽപ്പാലം വരുന്നതോടെ ഇവിടേക്കുള്ള യാത്ര സുരക്ഷിതവും എളുപ്പവുമാകും.
ചാലക്കുന്നിൽ പാളത്തിന് വലിയ വളവുള്ളതിനാൽ ട്രെയിൻ വരുന്നതും പെട്ടെന്ന് കാണാനാവില്ല. നിരവധി പേരാണ് ചാലയിലും പരിസരങ്ങളിലും ട്രെയിൻ തട്ടി മരിച്ചത്. മേൽപാലം വന്നാൽ അപകട സാധ്യതയും കുറയും. എത്രയും വേഗം ചാലക്കുന്നിൽ മേൽപാലം നിർമാണം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.