220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഏപ്രിൽ എട്ടു മുതൽ
text_fieldsതലശ്ശേരി: കെ.എസ്.ഇ.ബി ലിമിറ്റഡ് ഉടമസ്ഥതയിൽ ഉത്തരമലബാറിലെ ആദ്യ 220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഏപ്രിൽ എട്ടിനു വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടി പ്രസരണമേഖല കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. കാഞ്ഞിരോട് നിന്നു തലശ്ശേരിയിലേക്ക് നിർമിച്ചിട്ടുള്ള പുതിയ 220/110 കെ.വി ലൈനും അനുബന്ധമായി ഉദ്ഘാടനം ചെയ്യുന്നതാണ്.
നിലവിൽ കതിരൂർ പഞ്ചായത്തിലെ പറാംകുന്നിലെ 110 കെ.വി സബ്സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്.
100 എം.വി.എ ശേഷിയുള്ള രണ്ട് 220/110 കെ.വി ട്രാൻസ്ഫോർമറുകൾ, 20 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാൻസ്ഫോമറുകളാണ് സബ്സ്റ്റേഷനിലുള്ളത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകൾ ഉൾപ്പെട്ട പ്രദേശങ്ങളിലും പിണറായി, കതിരൂർ, പെരളശ്ശേരി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂ മാഹി, കുന്നോത്ത്പറമ്പ്, ധർമടം, പന്ന്യന്നൂർ തുടങ്ങിയ ഗ്രാമപഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനം ലഭിക്കും.
ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ് സ്റ്റേഷൻ എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ 220 കെ.വി സബ്സ്റ്റേഷന് അഞ്ച് ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. ജി.ഐ സബ് സ്റ്റേഷനാകട്ടെ ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങും.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്കും ജി.ഐ സബ് സ്റ്റേഷൻ ഉണർവ് പകരും. പ്രസരണ - വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും. അരീക്കോട് നിന്നാണ് വടക്കൻ കേരളത്തിലേക്ക് വൈദ്യുതി എത്തുന്നത്. ലൈനിൽ തകരാറ് സംഭവിച്ചാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനു പരിഹാരമായി ഉഡുപ്പിയിൽ നിന്ന് കാസർകോട് കരിന്തളത്തേക്ക് ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി - കൂത്തുപറമ്പ് ലൈൻ വലിക്കുന്നതോടെ വയനാടിനും തലശ്ശേരി സബ് സ്റ്റേഷന്റെ ഗുണം ലഭിക്കും.
കക്കയത്ത് നിന്നുള്ള ലൈൻ കൂടി വരുന്നതോടെ ഉഡുപ്പി വരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗം കൂടിയായി തലശ്ശേരി മാറും.
കാസർകോട് കരിന്തളത്ത് 400 കെ.വി സബ്സ്റ്റേഷൻ കമീഷൻ ചെയ്യന്നതിനൊപ്പം കരിന്തളം മുതൽ തലശ്ശേരി വരെ ലൈൻ ബന്ധിപ്പിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ - വിതരണ ശൃംഖല ഉറപ്പ് വരുത്താനാകും. ഉദ്ഘാടന ചടങ്ങ് നടത്തിപ്പിനായി കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ചെയർമാനായും കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഐ.ടി. അരുണൻ കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു പ്രവർത്തനമാരംഭിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന വിവിധ കമ്മിറ്റികളും രുപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.